കൊല്ലം: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ആശ്രാമം സ്ലോട്ടർഹൗസിന്റെ പ്രവർത്തനാരംഭം പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ട്രയൽ റണ്ണിൽ നിരവധി സാങ്കേതിക പ്രശ്നങ്ങളും ന്യൂനതകളും കണ്ടെത്തി. പോരായ്മകൾ പരിഹരിച്ച് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കുറഞ്ഞത് ഒന്നരമാസമെങ്കിലും എടുത്തേക്കും.
മലിനീകരണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് അറവുശാല അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് 55 ലക്ഷം രൂപ ചെലവിൽ നഗരസഭ പുതിയ പ്ളാന്റ് സ്ഥാപിച്ചത്. ഈ മാസം ഒന്നുമുതൽ പ്ളാന്റ് പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നഗരസഭാ അധികൃതരുടെ പ്രഖ്യാപനം.
മലിനജലം കുടിവെള്ളമാക്കുന്ന പ്ളാന്റ്; തുടക്കം തന്നെ പാളി
പുതുതായി സ്ഥാപിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് അറവുശാലയിലെ മലിനജലത്തെ കുടിവെള്ളത്തിന് തുല്യമായ ശുദ്ധജലമാക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ ട്രയൽ റണ്ണിൽ ഇത് പൊളിഞ്ഞു. മലിനജലവും രക്തവും അടക്കമുള്ള ദ്രാവകങ്ങൾ മാത്രമേ പ്ളാന്റിലേക്ക് എത്താവു. ഇവ വേർതിരിക്കാനുള്ള സംവിധാനം ഫലപ്രദമല്ലാത്തതിനാൽ ഖരപദാർത്ഥങ്ങളും എഫ്ലുവന്റ് പ്ലാന്റിലേക്ക് ഒഴുകി. ഗ്രില്ലുകളും മെഷുകളും സ്ഥാപിച്ചെങ്കിൽ മാത്രമേ ഈ പോരായ്മ പരിഹരിക്കാനാകു.
30 കെ.എൽ.ഡി ശേഷിയുള്ള പ്ളാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് ടാങ്കുകളിലായി ഘട്ടംഘട്ടമായാണ് പ്ളാന്റിൽ മലിനജലം സംസ്കരിക്കുന്നത്. 250 മാടുകളെ വരെ സംസ്കരിക്കുന്ന അവധിദിനങ്ങളിൽ കൂടുതൽ മലിനജലം ടാങ്കുകളിലേക്ക് ഒഴുകിയെത്തും. ഈ ഘട്ടത്തിൽ സംസ്കരണം അപ്പാടെ പാളുമെന്ന ആശങ്കയും ഉയരുന്നു.
ഡീ വാട്ടറിംഗ് സംവിധാനമില്ല
അറവുശാലയിലെ ചാണകവും മാംസാവശിഷ്ടങ്ങളും ഉൾപ്പടെയുള്ള ഖരപദാർത്ഥങ്ങൾ സംസ്കരിക്കുന്നതിനുള്ള ഡീ വാട്ടറിംഗ് സംവിധാനം നവീകരണത്തിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ട്രയൽ റൺ നടന്നപ്പോഴാണ് ഈ സംവിധാനത്തിന്റെ ആവശ്യകത ബോദ്ധ്യമായത്. ഖരാവശിഷ്ടങ്ങൾ സംഭരിക്കാൻ പ്രത്യേക ടാങ്ക് മാത്രമേ സജ്ജമാക്കിയിട്ടുള്ളു. ഇതിൽ മാലിന്യം കുന്നുകൂടി വീണ്ടും പഴയ അവസ്ഥ രൂപപ്പെടും.
കറണ്ട് പോയാൽ കീഴ്മേൽ മറിയും
വൈദ്യുതി തടസപ്പെട്ടാൽ എഫ്ലുവന്റ് പ്ലാന്റിന്റെ പ്രവർത്തനം കീഴ്മേൽ മറിയും. ട്രയൽ റണ്ണിനിടെ വൈദ്യുത തടസപ്പെട്ടപ്പോൾ പ്ലാന്റിലെ ടാങ്കിലേക്ക് ഒഴുകിപ്പോയ മലിനജലം അതുപോലെ തിരികെയെത്തിയിരുന്നു. ജനറേറ്റർ സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി ഇല്ലാത്ത സമയത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാന്റിനെ നോക്കുകുത്തിയാക്കി പരാമ്പരാഗത രീതിയിൽ പ്രവർത്തിക്കേണ്ടി വരും.
'' ട്രയൽ റണ്ണിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അധികം താമസിക്കാതെ സ്ലോട്ടർ ഹൗസ് പ്രവർത്തനം തുടങ്ങും.''
പി.ജെ. രാജേന്ദ്രൻ (ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)
നവീകരണ ചെലവ്
55 ലക്ഷം
പോരായ്‌മകൾ നിരവധി