preman
കശുഅണ്ടി തൊഴിലാളികളുടെ സമരപ്രഖ്യാപന കൺവെൻഷൻ ആൾ കേരള കാഷ്യു നട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കശുഅണ്ടി രംഗത്തെ വിവാദങ്ങൾക്ക് കാരണം ഭരണ നേതൃത്വത്തിന്റെ അഴിമതിയാണെന്ന് ആൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി.പറഞ്ഞു. കശുഅണ്ടി തൊഴിലാളികളുടെ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഷ്യു കോർപ്പറേഷനും കാപ്പെക്‌സും രൂപീകരിച്ചത് മുതലാളിമാരുടെ ചൂഷണത്തിൽ നിന്നു തൊഴിലാളികളെ മോചിപ്പിക്കാനും പൂട്ടുന്ന ഫാക്ടറികളിലുള്ളവർക്ക് തൊഴിൽ നല്കുവാനുമാണ്. ഇടത് ഗവൺമെന്റ് അധികാരത്തിൽ വന്ന് മൂന്നു വർഷം കഴിഞ്ഞിട്ടും പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറപ്പിക്കുവാനോ ഫാക്ടറികൾ ഏറ്റെടുക്കുവാനോ കഴിഞ്ഞില്ല. നിസാരമായ കൂലികൊടുത്തു വ്യവസായം നടത്താനും ബോണസ് വെട്ടിക്കുറയ്ക്കാനും മുതലാളിമാർക്ക് അവസരം നൽകി. നിലനിന്നിരുന്ന ബോണസ് ഘടന അട്ടിമറിച്ചു. ലഭിച്ചുകൊണ്ടിരുന്ന ബോണസിൽ കുറവ് വരുത്താനും അവസരം നല്കി. മാതൃകയാവേണ്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും മുൻ ഗവൺമെന്റ് തീരുമാനങ്ങൾ അട്ടിമറിച്ചു. ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി വാങ്ങാനും ഉണ്ടാക്കിയ കാഷ്യൂ ബോർഡ് ഇടത്തട്ടുകാരുടെ കേന്ദ്രമായെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കശുഅണ്ടി വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനും രണ്ടു പ്രചാരണ ജാഥകൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു.
എ.എ അസീസ് അധ്യക്ഷത വഹിച്ചു. ബാബു ദിവാകരൻ, ഫിലിപ്പ് കെ.തോമസ്, സജി. ഡി.ആനന്ദ്, ടി.സി. വിജയൻ, കെ. സിസിലി, പി. പ്രകാശ് ബാബു, ജി. വേണുഗോപാൽ, എം.എസ്. ഷൗക്കത്ത്, ഇടവനശ്ശേരി സുരേന്ദ്രൻ, ആർ. ശ്രീധരൻ പിള്ള, പാങ്ങോട് സുരേഷ്, കുരീപ്പുഴ മോഹനൻ, ടി.കെ.സുൽഫി, വെളിയം ഉദയകുമാർ എന്നിവർ സംസാരിച്ചു.