പത്തനാപുരം: ജില്ലയിലെ മികച്ച മത്സ്യക്കൃഷി സംരംഭകയായി വളർന്നതിന്റെ ആവേശത്തിലാണ് പത്തനാപുരം കുന്നിക്കോട് നിജാസ് മൻസിലിൽ സൗമ്യ സലാം. മത്സ്യ ഫെഡിന്റെ ഈ വർഷത്തെ ജില്ലയിലെ മികച്ച ശുദ്ധജല മത്സ്യ കർഷകയാണ് സൗമ്യ. മത്സ്യക്കൃഷിയുടെ ലാഭക്കണക്കുകൾ എണ്ണിയെണ്ണി നിരത്തുകയാണ് ഈ വീട്ടമ്മ. തന്റെ അഞ്ച് ഏക്കർ വരുന്ന ഭൂമിയിൽ നിന്ന് ഇഷ്ടിക നിർമ്മാണത്തിനായി ചെളി എടുത്ത ശേഷം മറ്റു കൃഷിയൊന്നും ചെയ്യാൻ കഴിയില്ല എന്ന് ബോദ്ധ്യമായതോടെയാണ് മത്സ്യക്കൃഷി എന്ന ആശയവുമായി സൗമ്യ മുന്നോട്ടു വന്നത്. ഭർത്താവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിന്റെയും അദേഹത്തിന്റെ സഹോദരങ്ങളായ മുഹമ്മദ് ഷഫീഖ്, നിജാസ് എന്നിവരുടെയും പിന്തുണയോടെയാണ് മത്സ്യക്കൃഷിക്കിറങ്ങിയത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സൗമ്യക്ക് പൂർണ പിന്തുണ നൽകി.
വിവിധയിനം മത്സ്യങ്ങൾ
നിലവിൽ മൂന്നു വലിയകുളങ്ങളിലായി ഗിഫ്റ്റ്തിലോപ്പിയ, രോഹൂ , ആസാം വാള എന്നീ ഇനങ്ങളിലുള്ള മത്സ്യങ്ങളെ വളർത്തുന്നുണ്ട്. തിലോപ്പിയയും രോഹുവും ആറുമാസം കൊണ്ടും ആസാം വാള ഒരു വർഷം കൊണ്ടും വിളവെടുക്കാം. നിലവിൽ നാല് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
പരാജയത്തിൽ തളരാതെ...
ആദ്യം നിക്ഷേപിച്ച ചില ഇനം മത്സ്യക്കുഞ്ഞുങ്ങൾ രോഗബാധയിൽ ചത്തൊടുങ്ങിയതും കനത്ത മഴയിൽ കുളം നിറഞ്ഞ് കവിഞ്ഞതും ആദ്യകാലങ്ങളിൽ നഷ്ടം വരുത്തിയെങ്കിലും തോറ്റ് കൊടുക്കാൻ സൗമ്യ തയ്യാറല്ലായിരുന്നു. ഇന്ന് കിലോയ്ക്ക് മുന്നൂറ് രൂപ ക്രമത്തിൽ നൂറ് കിലോ മത്സ്യം വരെ വിറ്റുപോകുന്നുണ്ട്. കൂടാതെ വിവാഹ ആവശ്യത്തിനും ഹോട്ടലുകളിലും ഓർഡർ അനുസരിച്ച് നല്കുന്നുമുണ്ട്. ആവശ്യക്കാർക്ക് മത്സ്യം തയ്യാറാക്കി പായ്ക്ക് ചെയ്ത് നല്കുന്നതിനായുള്ള സ്റ്റാൾ നിർമ്മിക്കുന്നതും കയറ്റുമതിക്കുള്ള പദ്ധതിയുമാണ് ഇനി സൗമ്യയുടെ മനസിലുള്ളത്.