sn-colleg

 വിദ്യാർത്ഥി രാഷ്ട്രീയം അപചയത്തിലേക്ക് നീങ്ങുന്നുവെന്ന് എസ്.എൻ കോളേജ് പ്രിൻസിപ്പൽ

കൊല്ലം: അദ്ധ്യാപകരെ അനുസരിക്കാത്ത നേതാക്കളിലൂടെ വിദ്യാർത്ഥി​ രാഷ്ട്രീയം അപചയത്തിലേക്ക് നീങ്ങുകയാണെന്ന് എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ. 1998 -2001 ബാച്ച് മാത്തമാറ്റിക്‌സ് വിദ്യാർത്ഥി​കളുടെ സംഗമം ‘മാതെമൈസ് 19’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സംഘടനകൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.ജനാധിപത്യപരമായ അവകാശത്തിൽ ഇന്നത്തെ വിദ്യാർഥികൾ ബോധവാന്മാരല്ല.
ഏഴു തലമുറയെ സൃഷ്ടിച്ച വിദ്യാലയ മുത്തശ്ശി​യാണ് എസ്.എൻ കോളജ്. നാക് അക്രഡിറ്റേഷനിലൂടെ എ പ്ലസിലേക്ക് പോകുന്നതിനുള്ള ശ്രമത്തിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർഥി കൂട്ടായ്‌മ പ്രതിനിധി ജിഷ ജോൺ അധ്യക്ഷത വഹിച്ചു. പൂർവ അധ്യാപകരായ ശശികുമാർ, സുകുമാരൻ, ശൈലജകുമാരി, ഗീത, ശിവപ്രസാദ്, സുഗതൻ, ഭാർഗവൻ, പ്രഭാവതി, അനിത ശങ്കർ എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർഥികളായ ജെ.സജീം, മഹേഷ് ആനന്ദ്, മഹേഷ്‌കുമാർ, അഭിലാഷ് ബേബി, റിയാദ്, അരുൺകുമാർ, അനിൽകുമാർ, ശങ്കർ എന്നിവർ നേതൃത്വം നൽകി. ഗുരുവന്ദനം, കുടുംബ സംഗമം, കലാപരിപാടികൾ എന്നിവ നടത്തി.