കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ താമസിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന 31 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകി. 4.32ലക്ഷം രൂപായാണ് പദ്ധതിക്കായി നഗരസഭ ചെലവഴിച്ചത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെയുള്ള 72 വിദ്യാർത്ഥികൾക്ക് മേശയും കസേരകളും വിതരണം ചെയ്തു. 9.30ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. എസ്.ടി വിഭാഗത്തിലുള്ള 4 വിദ്യാർത്ഥികൾക്കും ഫർണ്ണിച്ചറുകൾ നൽകി.
നഗരസഭാ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർപേഴ്സൺ എം. ശോഭന ആനുകൂല്യങ്ങൾ വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മഞ്ജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വസുമതി രാധാകൃഷ്ണൻ നഗരസഭാ കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, സി. വിജയൻപിള്ള, ഷംസുദ്ദീൻകുഞ്ഞ്, ബി. മോഹൻദാസ്, സാബു, തുടങ്ങിയവർ സംസാരിച്ചു.