road
കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വാളക്കോട്ടെ ഇടുങ്ങിയ പഴയ മേൽപ്പാലം

പുനലൂർ: ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരത്തെ തുടർന്ന് ജനങ്ങളുടെ സ്വപ്നമായ പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിൽ. കൊല്ലം-തിരുമംഗലം ദേശീയപാത കടന്നുപോകുന്ന പുനലൂരിന് സമീപത്തെ വാളക്കോട് കൊടുംവളവിലെ മേൽപ്പാലം നിർമ്മാണമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലായത്. നിലവിലുള്ള മേൽപ്പാലത്തിന്റെ ശോച്യാവസ്ഥയാണ് പുതിയ മേൽപ്പാലമെന്ന ആവശ്യത്തിന് പിന്നിൽ പാലരുവി-തിരുനെൽവേലി എക്സ്പ്രസ് അടക്കമുള്ള നിരവധി ട്രെയിനുകളാണ് നിലവിലുള്ള മേൽപ്പാലത്തിന് അടിയിലൂടെ കടന്നുപോകുന്നത്.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ അന്തർസംസ്ഥാന പാതയിലുള്ള മേൽപ്പാലത്തെയും ആശ്രയിക്കുന്നു. ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ ഇതിനുള്ളൂ. പലപ്പോഴും ഒരു ഭാഗത്തെ വാഹനങ്ങൾ കടന്നുപോയിക്കഴിയുമ്പോഴേക്കും മറുവശത്ത് നീണ്ടനിര രൂപപ്പെടും. ഗതാഗത നിയന്ത്രണത്തിനുള്ള സംവിധാനങ്ങളും ഇല്ലാത്തതിനാൽ മണിക്കൂറുകളോളമാണ് ഈ കുരുക്ക് നീണ്ടുനിൽക്കുന്നത്.

ഗതാഗത നിയന്ത്രണവും പാളി

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പണിത മേൽപ്പാലത്തിന്റെ രണ്ടുഭാഗത്തും കൊടുംവളവാണ്. ഇതും അപകടക്കെണി രൂക്ഷമാക്കുന്നു. പാലത്തിലൂടെ വാഹനങ്ങൾ വരുമ്പോൾ കാൽ നടയാത്രക്കാർക്ക് ഒഴിഞ്ഞുനിൽക്കാൻ പോലും സ്ഥലമില്ലാതെ വലയുകയാണ്. സമീപത്തെ എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്നതും ഈ പാലത്തെയാണ്. ഇതാണ് ജനങ്ങൾ ഏറെ പ്രതീക്ഷയോടെ പുതിയ പാലത്തെ കാത്തിരിക്കാൻ കാരണം. എന്നാൽ ഉദ്യോഗസ്ഥർ തമ്മിൽ ഒത്തിണക്കമില്ലാതായതോടെ ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി.

ട്രെയിൻ സർവീസ് പുനരാരംഭിച്ചിട്ട് 3 വർഷം

തിരിച്ചടിയായത് അഭിപ്രായ ഭിന്നത

പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജുമാറ്റത്തിന് ഒപ്പം പുതിയ മേൽപ്പാലം പണിയാൻ പദ്ധതിയിടുകയും പ്രാരംഭ ജോലികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണത്തെ സംബന്ധിച്ച് ദേശീപാത വിഭാഗം ഉദ്യോഗസ്ഥരും റെയിൽവേയും തമ്മിലുള്ള അഭിപ്രായ ഭിന്നത തിരിച്ചടിയായി.

ഗേജുമാറ്റ ജോലികൾ പൂർത്തിയാക്കി ട്രെയിൻ സർവീസ് ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപ്പാലം നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുകയാണ്.