കൊല്ലം: ത്രിതല പഞ്ചായത്തുകൾ വഴി ക്ഷീര കർഷകർക്ക് ലഭിക്കുന്ന പാൽ വില ഇൻസെന്റീവ് വർഷം മുഴുവൻ നൽകാൻ സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. എൻ.സി.ഡി.എഫ്.ഐ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശിന് ജില്ലയിലെ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും നൽകിയ സ്വീകരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂടുതൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ മിൽമയുടെ ബ്രാൻഡിൽ വിപണം നടത്തി ക്ഷീരോൽപ്പാദകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. പച്ചക്കറി, കോഴി മുട്ട എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ മിൽമ തിരുവനന്തപുരം മേഖല ക്ഷീര കർഷകർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കല്ലട രമേശ് പറഞ്ഞു. മിൽമ ഡയറക്ടർ ബോർഡംഗം വി.വേണുഗോപാലകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മേയർ വി.രാജേന്ദ്രബാബു, മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. രാജശേഖരൻ, എസ്. അയ്യപ്പൻനായർ, എസ്. ഗിരീഷ് കുമാർ,ടി.സുശീല, ഷീജ പ്രദീപ്, മിൽമ എം.ഡി കുര്യാക്കോസ് സക്കറിയ, കൊല്ലം ഡെയറി മാനേജർ ജി. ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.