കരുനാഗപ്പള്ളി: ഹരിതമിഷൻ, കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ കോഴിക്കോട് ശർമ്മശാസ്താ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നരഏക്കർ സ്ഥലത്ത് കരനെൽക്കൃഷി ആരംഭിച്ചു. ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. പഴയ കാലത്തെ ഓർമ്മപ്പെടുത്തലുമായി കലപ്പ ഉപയോഗിച്ച് പൊഴി തോണ്ടിയാണ് വിത്ത് വിതച്ചത്. കൃഷിവകുപ്പിൽ നിന്ന് സൗജന്യമായി വിത്ത് നൽകിയിരുന്നു.
നഗരസഭാ ചെയർപേഴ്സൺ എം.ശോഭന ഉദ്ഘാടനം ചെയ്തു. ഭരണസമിതി പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര, സെക്രട്ടറി ഗോപാലകൃഷ്ണനുണ്ണിത്താൻ, കൃഷി ഓഫീസർ വീണ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.