merin
തനിച്ച് താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സഹായം ലഭ്യമാക്കാൻ ആവശ്യമായ റിമോട്ടുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ആദ്യ ഘട്ട വിതരണം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നിർവഹിക്കുന്നു. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ആരിഫ്,​ എ.സി.പിമാരായ എ.പ്രദീപ്കുമാർ,​ ജോർജ് കോശി,​ ഷിഹാബുദ്ദീൻ എന്നിവർ സമീപം

കൊല്ലം: തനിച്ച് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ 'ബെൽ ഓഫ് ഫെയ്‌ത്ത് ' എന്ന പദ്ധതിയുമായി സിറ്റി പൊലീസ് ജനങ്ങളിലേക്ക്.

തനിച്ച് താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സഹായം ആവശ്യമെങ്കിൽ സമീപത്തെ സേവന സന്നദ്ധരുടെ പങ്കാളിത്തത്തോടെ ഉടനടി സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. തനിച്ച് താമസിക്കുന്ന വ്യക്തിക്ക് സഹായം ആവശ്യമാണെങ്കിൽ കൈവശമുള്ള റിമോട്ടിന്റെ കൺട്രോൾ കീ അമർത്തിയാൽ സന്ദേശം സേവന സന്നദ്ധരായ സമീപവാസികളിൽ ഉടനടി എത്തും. ഉപകരണങ്ങളും റിമോട്ടും തനിച്ച് താമസിക്കുന്നവരുടെ വീടുകളിൽ പൊലീസ് സൗജന്യമായി സ്ഥാപിക്കും. തുടർപ്രവർത്തനങ്ങൾ ജനമൈത്രി ബീറ്റ് ഓഫീസർമാർ ഉറപ്പ് വരുത്തും. മുതിർന്ന പൗരൻമാർക്ക് നൽകുന്ന റിമോട്ട് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ആദ്യ ഘട്ട വിതരണം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് നിർവഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ആരിഫ്,​ എ.സി.പിമാരായ എ.പ്രദീപ്കുമാർ,​ ജോർജ് കോശി,​ എസ്.വിദ്യാധരൻ,​ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സൈറൺ മുഴങ്ങും

 കൺട്രോൾ യൂണിറ്റ്, ബാങ്കുകളിലെ അപകട സൈറണിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന മൈക്ക്, റിമോട്ട് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം

 കൺട്രോൾ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യണം. ഇതിലെ ബാറ്രറി ഒരു തവണ പൂർണ്ണമായും ചാർജ് ചെയ്‌താൽ ആറ് മാസം വരെ ഉപയോഗിക്കാം. കൺട്രോൾ യൂണിറ്റും മൈക്കും തമ്മിൽ ഇലക്ട്രിക് വയർ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.

 തനിച്ച് താമസിക്കുന്ന ആളിന്റെ വീട്ടിലോ, അല്ലെങ്കിൽ നൂറ് മീറ്ററിനുള്ളിലുള്ള സമീപ വീട്ടിലോ കൺട്രോൾ യൂണിറ്റും മൈക്കും സൂക്ഷിക്കാം

 കൺട്രോൾ യൂണിറ്റ് റിമോട്ടിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ഉണ്ടായിരിക്കണം.

 കാറിന്റെ താക്കോൽ വലിപ്പത്തിലുള്ളതാണ് റിമോട്ട്. ഇതിൽ അമർത്തിയാൽ കൺട്രോൾ യൂണിറ്റിനൊപ്പമുള്ള മൈക്കിൽ നിന്ന് വലിയ ശബ്‌ദമുയരും. ആംബുലൻസിൽ നിന്ന് ഉയരുന്ന ശബ്‌ദത്തിന് സമാനമായിരിക്കും മൈക്കിൽ നിന്ന് ഉയരുന്ന ശബ്‌ദം.

 ശബ്‌ദം കേട്ട് തുടങ്ങിയാൽ റിമോട്ടിൽ ഒാഫ് ചെയ്യാനാകില്ല. കൺട്രോൾ യൂണിറ്റിൽ ഒാഫ് ചെയ്‌തെങ്കിൽ മാത്രമേ ശബ്‌ദം നിലയ്‌ക്കുകയുള്ളൂ.

 പാലക്കാടുള്ള സ്വകാര്യ ഏജൻസിയാണ് പൊലീസിന് വേണ്ടി യൂണിറ്റ് സ്ഥാപിക്കുന്നത് . മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിനായി പൊലീസിന് അനുവദിച്ച തുക ഉപയോഗിച്ചാണ് യൂണിറ്റുകൾ വാങ്ങുന്നത്.

 പൊലീസിന്റെ സഹായമില്ലാതെ വ്യക്തികൾക്കും സ്വന്തം നിലയിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് ഇത്തരം യൂണിറ്റുകൾ വീടുകളിൽ സ്ഥാപിക്കാൻ കഴിയും.