കൊട്ടിയം: വിദ്യാർത്ഥികളെ നേരായ രീതിയിൽ പരിശീലിപ്പിക്കാൻ രാഷ്ട്രിയ പാർട്ടികൾ തയ്യാറാവണമെന്ന് ആർച്ച് ബിഷപ്പ് ഡോ.സൂസാപാക്യം ആവശ്യപ്പെട്ടു. കെ.ആർ.എൽ.സി.സിയുടെ മുപ്പത്തിനാലാമത് ജനറൽ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ച് കൊട്ടിയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കലാലയത്തിനകത്ത് രാഷ്ട്രീയ പാർട്ടികളുടെ അതിപ്രസരം കാരണം ലക്ഷ്യം നേടാൻ എന്തുമാകാമെന്നൊരു പ്രവണത വിദ്യാർത്ഥി സമൂഹത്തിൽ വളർന്നു വരുന്നു. തങ്ങളുടെ ആഗ്രഹങ്ങൾക്കൊത്ത് മാതാപിതാക്കൾ നിന്നില്ലെങ്കിൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന പ്രവണത എങ്ങനെയോ വിദ്യാർത്ഥികളിൽ കടന്നുകൂടിയിരിക്കുന്നു.
സഭയെ തകർക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീരദേശത്തെ പ്രശ്നങ്ങൾക്ക് സ്ഥായിയായ രീതിയിൽ പരിഹാരം കാണുവാൻ സർക്കാരിന് കഴിയുന്നില്ല.എല്ലിൻ കഷണങ്ങളിട്ട് പ്രീതിപ്പെടുത്തുന്ന അവസ്ഥയാണ്.
പൊലീസിന്റെ മൂന്നാംമുറ അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന്റെ മദ്യനയത്തോട് യോജിപ്പില്ല.
കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, ഷാജി ജോർജ്, റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ, ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, ആന്റണി ആൽബർട്ട്, സ്മിതാ ബിജോയ്, ആന്റണി നെറോണ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ.സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരക്കൽ, ഡെലിൻ ഡേവിഡ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അധികാര സ്ഥാനങ്ങളിൽ ജനസംഖ്യാ
ആനുപാതികമായ പങ്ക് വേണം
കൊട്ടിയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പുനർ ക്രമീകരണത്തിൽ മണ്ഡൽ കമ്മിഷൻ ശുപാർശകൾ പാലിക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള അധികാരതലങ്ങളിൽ ജനസംഖ്യാനുപാതികമായി സമുദായത്തിന് പ്രാതിനിധ്യം നൽകണമെന്നും കൊട്ടിയത്ത് സമാപിച്ച കെ.ആർ.എൽ.സി.സിയുടെ മുപ്പത്തിനാലാമത് ജനറൽ അസംബ്ലിയുടെ രാഷ്ട്രിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രിയ പാർട്ടികൾ അധികാരം പങ്കുവയ്ക്കുന്ന വേളയിൽ സമുദായത്തെബോധപൂർവം വിസ്മരിക്കുകയാണ്. ഭരണഘടനയുടെ തത്വങ്ങൾക്കും ദർശനങ്ങൾക്കും വിരുദ്ധമായി ഇപ്പോൾ ഭാരതത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക നടപടികൾ പിൻവലിക്കണം. പ്രളയബാധിത പഞ്ചായത്തുകൾതോറും സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ ജനകീയ അദാലത്തുകൾ സംഘടിപ്പിക്കണം.വൻകിടക്കാരെ ഒഴിവാക്കി കൊണ്ട് സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ചാർജ് വർധന പിൻവലിക്കണം. കലാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന അക്രമ രാഷ്ട്രീയത്തിൽ ആശങ്കയുണ്ട്. കോവിൽ തോട്ടത്ത് കരിമണൽ ഘനനത്തെ തുടർന്ന് ഒഴിഞ്ഞു പോയവരെ പുനരധിവസിപ്പിക്കാൻ സമഗ്ര പാക്കേജ് വേണം.കെ.എ.എസിന്റെ മൂന്ന് സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്തിയ കേരള സർക്കാരിനെ സമ്മേളനം അഭിനന്ദിക്കുകയും ചെയ്തു.