lorry
കൊല്ലത്ത് പൊലീസ് പിടിച്ചെടുത്ത അരിയുമായി വന്ന ലോറി

കൊണ്ടുപോയത് തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക്

കൊല്ലം: തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്ന 200 ചാക്ക് അരി റേഷൻ ധാന്യമാണെന്ന സംശയത്തിൽ കിളികൊല്ലൂർ പൊലീസ് പിടിച്ചെടുത്തു. കൊല്ലം ബൈപ്പാസിൽ അയത്തിൽ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 11നാണ് അരിയുമായി വന്ന ലോറി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. പതിവ് വാഹന പരിശോധനക്കായി പോയ എസ്.ഐ അബ്ദുൾ മനാഫാണ് പാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറി പരിശോധിച്ചത്. മട്ട അരി, പുഴുക്കലരി എന്നിവ പഴയ പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് നിറച്ചിരുന്നത്.ചണം ഉപയോഗിച്ചാണ് ചാക്കുകൾ തുന്നിചേർത്തിരുന്നത്.

ലോറി കേടായതിനാലാണ് നിറുത്തിയിട്ടിരുന്നത്. ഡ്രൈവർക്കൊപ്പം ലോറിയിൽ ഉണ്ടായിരുന്ന ആൾ പൊലീസ് പരിശോധന നടത്തുന്നതിനിടെ സ്ഥലം വിട്ടു. മെക്കാനിക്കിനെ വിളിക്കാനെന്ന പേരിൽ പോയ ഇയാൾ മടങ്ങി വന്നില്ല. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. അരിയുടെ ഉറവിടം സംബന്ധിച്ച് കൃത്യമായ രേഖകൾ ഡ്രൈവറുടെ കൈവശം ഇല്ല. പിടിച്ചെടുത്തത് റേഷൻധാന്യങ്ങൾ ആണോയെന്ന് ഉറപ്പിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ സഹായം പോലീസ് തേടി. അവരുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.