മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കണമെന്ന് ആവശ്യം
പടി. കല്ലട : സ്കൂൾ കുട്ടികളുടെ അമിതവേഗത്തിലുള്ള ബൈക്ക് യാത്ര നാട്ടുകാരിൽ ഭീതി ഉണർത്തുന്നു. പടിഞ്ഞാറേ കല്ലട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന മിക്ക കുട്ടികളും ബൈക്കുകളിലാണ് എത്താറുള്ളത്. ഒരു ബൈക്കിൽ മൂന്നും നാലും കുട്ടികൾ ഒരേസമയം യാത്ര ചെയ്തു വരുന്ന കാഴ്ച്ചയും ഇവിടെ കാണാനാകും. ശാസ്താംകോട്ട പൊലീസും മോട്ടോർ വാഹന വകുപ്പും ബൈക്കുകളിൽ അമിത വേഗതയിൽ പായുന്നവരെ പിടികൂടാൻ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്കൂൾ പരിസരത്തേക്കുള്ള റോഡുകളിൽ വാഹന പരിശോധന കർശനമാക്കും. കുട്ടികൾക്ക് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്
അമിതവേഗത
അമിതവേഗത്തിൽ കടപുഴ കാരാളിമുക്ക് റോഡിലൂടെയും കാരാളിമുക്ക് വളഞ്ഞ വരമ്പ് തോട്ടത്തിൽ കടവ് റോഡിലൂടെയുമാണ് രാവിലെയും വൈകിട്ടും വിദ്യാർത്ഥികളുടെ പരക്കംപാച്ചിൽ. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഹെൽമറ്റ് പോലും ധരിക്കാതെയുള്ള യാത്ര മറ്റു വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.