കൊല്ലം: മറൈൻ അക്വേറിയത്തിനോടൊപ്പം മത്സ്യങ്ങളുടെ സൂക്ഷ്‌മ ജീവിതം വ്യക്തമാക്കുന്ന ത്രീ ഡി തീയേറ്റർ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. നഗരസഭ കൊല്ലം ബീച്ചിൽ ആരംഭിച്ച മറൈൻ അക്വേറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലയെ കൂടുതൽ സൗന്ദര്യവത്കരിക്കാൻ കോർപ്പറേഷൻ നടത്തുന്ന എല്ലാ പദ്ധതികൾക്കും പൂർണമായ പിന്തുണ നൽകുമെന്നും ബീച്ചിനോട് ചേർന്ന് ആരംഭിക്കുന്ന സ്മൃതിവനം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, എം.എ. സത്താർ, എസ്. ഗീതാകുമാരി, ചിന്ത എൽ. സജിത്ത്, വി.എസ്. പ്രിയദർശൻ, ഷീബ ആന്റണി, ടി.ആർ. സന്തോഷ് കുമാർ, ശാന്തിനി ശുഭദേവൻ, വിനീത വിൻസന്റ്, ഹാർബർ എൻജിനിയറിംഗ് സൂപ്രണ്ട് എൻജിനിയർ സുധീർ, എക്സിക്യൂട്ടീവ് എൻജിനിയർ ലോട്ടസ് തുടങ്ങിയവർ സംസാരിച്ചു.
ബീച്ചിലെ അപകടം കുറയ്ക്കാൻ ഓഫ്ഷോർ ബ്രേക്ക് വാട്ടർ
കൊല്ലം ബീച്ചിന്റെ അപകട സാധ്യത കുറയ്‌ക്കാൻ ഓഫ്ഷോർ ബ്രേക്ക് വാട്ടർ നിർമ്മിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തുറമുഖ വകുപ്പിന് ഇതിന്റെ നിർമ്മാണത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പൂർണമായ പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടി.കെ.എം എൻജിനിയറിംഗ് കോളേജിന്റെ സങ്കേതിക സഹായവും പദ്ധതിയുടെ നിർവഹണത്തിന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.