ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ ഗവ. ഐ കെയർ യൂണിറ്റിന്റെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പും പ്രതിഭകളെ ആദരിക്കൽ ചടങ്ങും മുൻ ഇന്ത്യൻ കബഡി പരിശീലകൻ ഡാലിയ ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ കരുണാലയം സിസ്റ്റർ ദീപ്തി മുഖ്യപ്രഭാഷണം നടത്തി. ഡാലിയ ഉദയകുമാറിനെയും സിസ്റ്റർ ദീപ്തിയെയും ട്രസ്റ്റ് അംഗം ശ്രീജ സന്തോഷ് ചടങ്ങിൽ ആദരിച്ചു. നേത്രപരിപാലനവും രോഗങ്ങളും എന്ന വിഷയത്തിൽ ഡോ. ഗീതാഞ്ജലി ക്ലാസെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് സുധാകരക്കുറുപ്പ്, കൺവീനർ ഗിരീഷ്കുമാർ, സ്മിത, സിന്ധു ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. തിമിര ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തവർക്ക് ജില്ലാ ഐ കെയർ യൂണിറ്രിൽ സൗജന്യ ശസ്ത്രക്രിയ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്തവരിൽ തിരഞ്ഞെടുത്ത 21ന് രാവിലെ 10ന് അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് പാരിപ്പള്ളി ബ്രാഞ്ചിൽ വച്ച് കണ്ണടകൾ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ പറഞ്ഞു.