കൊല്ലം: നഗരം സൗന്ദര്യവത്കരിക്കാൻ കോർപ്പറേഷൻ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ വാഹനപാർക്കിംഗിന് സ്ഥലമില്ലാതെ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു. കൊല്ലം റെയിൽവേ സ്‌റ്റേഷൻ പരിസരത്തും ക്യു.എ.സി റോഡിലും നടപ്പാത കൈയേറിയും റോഡരികിലുമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡരികിലാണ്. ചിലർ തണലുള്ള ഇടം തേടി നടപ്പാതകൾ പാർക്ക് ചെയ്യുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് കാൽനടയാത്രികരാണ്. ഇരുചക്രവാഹനങ്ങളുടെ നീണ്ടനിരയാണ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്.
ക്യു.എ.സി റോഡിലെ കാര്യവും വ്യത്യസ്‌തമല്ല. കാറുകളാണ് കൂടുതലും ഇവിടെ റോഡിന്റെ ഇരുവശത്തുമായി പാർക്ക് ചെയ്യുന്നത്. കൊട്ടിയം, മയ്യനാട്, ഇരവിപുരം ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ അമിത വേഗതയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. അനധികൃത പാർക്കിംഗും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും മൂലം ഭയത്തോടെയാണ് സ്കൂൾ കുട്ടികളുൾപ്പെടെ ഇതുവഴി സഞ്ചരിക്കുന്നത്.
തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പോകുന്നവരെല്ലാം റെയിൽവെ സ്‌റ്റേഷൻ പരിസരത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മറ്റ് സ്ഥലമില്ലാത്തതിനാലാണ് ഇവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് അവർ പറയുന്നത്. നഗരസഭാ അധികൃതർ അടിയന്തരമായി നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പാർക്കിംഗ് സൗകര്യം ഒരുക്കും
നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പലയിടങ്ങളിലായി പാർക്കിംഗ് സൗകര്യം ഒരുക്കാനാണ് തീരുമാനം. അലക്കുകുഴി ഒഴിപ്പിക്കുന്നതോടെ അവിടെയും റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ കർബല വരെയും പാർക്കിംഗ് സൗകര്യങ്ങൾ വരും. വാർഡന്മാരെ ചുമതലപ്പെടുത്തിയാവും ഇതിന്റെ പ്രവർത്തനം. ഇതിനായി പ്രത്യേകം പാർക്കിംഗ് ഫീസും ഏർപ്പെടുത്താനാണ് തീരുമാനം.
വിജയ ഫ്രാൻസിസ് (നഗരസഭ ഡെപ്യൂട്ടി മേയർ)
അനധികൃത പാർക്കിംഗ് മേഖലകൾ
റെയിൽവേ സ്റ്റേഷൻ പരിസരം
ക്യു.എ.സി റോഡ്
ആർ.പി മാൾ പരിസരം
ജില്ലാ ആശുപത്രി റോഡ്
നഗരസഭ പാർക്കിംഗ് ഒരുക്കും ഇവിടെ...
കർബല റോഡ്
അലക്ക് കോളനി
റെയിൽവേ സ്റ്റേഷന് സമീപം