കരുനാഗപ്പള്ളി: മത്സ്യ ബന്ധന യാനങ്ങളുടെ വർദ്ധിപ്പിച്ച ലൈസൻസ് ഫീസും പിഴയും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ആലപ്പാട്ട് മണ്ഡലം കമ്മിറ്റി ഫിഷറീസ് അസി. ഡയറക്ടറുടെ നീണ്ടകരയിലുള്ള ഓഫീസ് പടിക്കൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മത്സ്യത്തൊഴിലാളികളെ നിരന്തരമായി ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ പദ്ധതി പൂർണമായും നിറുത്തലാക്കി. വീടുകളിൽ അറ്റകുറ്റപ്പണി നടത്താനുള്ള ധന സഹായവും വൈദ്യുതീകരണത്തിനുള്ള ധനസഹായവും തണൽ പദ്ധതിയും നിറുത്തലാക്കി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച മത്സ്യഫെഡിനെ നോക്കുകുത്തിയാക്കി ആലപ്പാടിലെ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് ഫിഷറീസ് മന്ത്രി സ്വീകരിച്ചതെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്. ബിനു, ആർ. രാജപ്രിയൻ, വി. സാഗർ, എം.ആർ. ബിമൽ ഡാനി, ഷീബാ ബാബു , എസ്. സുഹാസിനി, ആർ. ബേബി, ജീവൻ, കൃഷ്ണാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.