pathanapuram
തൊഴിലാളികളിൽ ചിലർ

പത്തനാപുരം: പുനലൂർ ഫോറസ്റ്റ് ഡിവിഷന്റെ പത്തനാപുരം, അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ തൊഴിൽ ചെയ്ത് വന്ന നൂറ് കണക്കിന് മസ്ദൂർ തൊഴിലാളികൾക്ക് കഴിഞ്ഞ നാല് മാസമായി തൊഴിലില്ലെന്ന് പരാതി. 35 വർഷത്തിലധികമായി ഈ മേഖലയിൽ പണിയെടുക്കുന്നവർ ഉൾപ്പടെയുള്ളവർക്കാണ് യാതൊരു കാരണവുമില്ലാതെ തൊഴിൽ നഷ്ടമായത്. തൊഴിലാളികളിൽ പലർക്കും നേരത്തേ പണിയെടുത്ത ശമ്പളവും ലഭിച്ചിട്ടില്ല. എന്നാൽ രണ്ടും മൂന്നും വർഷം മാത്രമായവരും പുതുതായി താൽക്കാലിക നിയമനം കിട്ടിയവരുമായ ഒരു യൂണിയനിൽപ്പെട്ടവർക്ക് ഇപ്പോഴും തൊഴിലുണ്ടെന്നാണ് ആക്ഷേപം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് ഉൾപ്പെടെയുള്ള യൂണിയനിൽപ്പെട്ടവരെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തൊഴിൽ നല്കാതെ ഒഴിവാക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ യൂണിയൻ നേതാക്കൾ പോലും പ്രശ്ന പരിഹാരത്തിനായി ഇടപെടുന്നില്ലന്നാണ് തൊഴിലാളികളുടെ പ്രധാന ആക്ഷേപം.

മസ്ദൂർ തൊഴിലാളികൾ

വനമേഖലയിൻ പുതുതായി പ്ലാന്റ് ചെയ്യുന്ന മരങ്ങളുടെ പരിപാലനമാണ് മസ്ദൂർ തൊഴിലാളികൾ ചെയ്തു വരുന്നത്. ഇവർക്ക് ദിവസവേതന അടിസ്ഥാനത്തിലായിരുന്നു ജോലി. വർഷങ്ങളായി മേഖലയിൽ തൊഴിലെടുത്ത് വന്ന വയോജനങ്ങളടക്കമുള്ളവർക്ക് മറ്റ് ജോലിക്ക് പോകാനാകാത്ത അവസ്ഥയാണ്.

തൊഴിൽ നഷ്ടമായത് 35 വർഷത്തിലധികമായി ഈ മേഖലയിൽ പണിയെടുക്കുന്നവർ ഉൾപ്പടെയുള്ളവർക്ക്

പത്തനാപുരം, അഞ്ചൽ

പത്തനാപുരം ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ കടയ്ക്കാമൺ, കടശ്ശേരി, കറവൂർ, ചണ്ണയ്ക്കാമൺ, മാമ്പഴതറ, വെള്ളംതെറ്റി, മുള്ളുമല എന്നിവിടങ്ങളിലും അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ മടത്തറ, പാലോട്, കുളത്തൂപുഴ, തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ തുടങ്ങിയ ഡിവിഷനുകളിലെയും വനമേഖലകളിൽ വർഷങ്ങളായി തൊഴിലെടുത്തവർക്കാണ് ജോലിയും ശമ്പളവും നഷ്ടമായത്.

തൊഴിലാളികളോട് രാഷ്ട്രീയ പ്രേരിതമായ ഇടപെടൽ അധികൃതർ അവസാനിപ്പിക്കണം. തൊഴിലും ശമ്പള കുടിശികയും നല്കണം

എ. നജീബ് ഖാൻ ( കോൺഗ്രസ് നേതാവ്)

വർഷങ്ങളായി ദിവസ വേതന അടിസ്ഥാനത്തിൽ വനമേഖലയിൽ തൊഴിലെടുത്ത് വന്നവരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്താൻ രാഷ്ട്രീയം നോക്കാതെ അധികൃതർ ഇടപെടണം

റിജു വി. ആമ്പാടി

(എസ്.എൻ.ഡി.പി പത്തനാപുരം യൂണിയൻ കൗൺസിലർ)

വനം വകുപ്പ് മന്ത്രിയും ഫോറസ്റ്റ് അധികൃതരും ഇടപെട്ട് തൊഴിൽ പ്രശ്നത്തിന് പരിഹാരം കാണണം.

ജോലി നഷ്ടമായ തൊളിലാളികൾ