കൊട്ടിയം: ആശുപത്രി മാലിന്യവും അറവുമാലിന്യവും നിറഞ്ഞ അയത്തിൽ ആറ് വൃത്തിയാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട്, കിളികൊല്ലൂർ മണ്ഡലം പ്രവർത്തകർ കോർപ്പറേഷൻ വടക്കേവിള സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിലേക്ക് തള്ളിക്കയറി. മാലിന്യനിക്ഷേപം രൂക്ഷമായതോടെ അയത്തിൽ ആറിന് സമീപം അയത്തിൽ ജംഗ്ഷന് തെക്കുവശം താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഏറെ നാളായി പകർച്ചവ്യാധി ഭീഷണിയിലാണ്.
പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ആറിന് സമീപം അറവുമാടുകളുടെ അവശിഷ്ടങ്ങളും അഴുകിയ മാംസാവിഷ്ടങ്ങളും കണ്ടെത്തി. രൂക്ഷമായ ദുർഗന്ധം മൂലം മാസ്ക് ധരിച്ചാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കാനെത്തിയത്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നും അയത്തിൽ ആറിനെ മലിനമാക്കുന്നവരെ കണ്ടെത്തി നോട്ടീസ് നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ സാബു പറഞ്ഞു.
എ.എച്ച്.ഐമാരായ വിനോദ് ബാലകൃഷ്ണൻ, ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് മൈനോറിറ്റി വിഭാഗം ജില്ലാ ഭാരവാഹികളായ നവാസ് റഷാദി, അയത്തിൽ നിസാം, ഷഹാൽ കിഴക്കടി, കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ, ചെമ്പടീ നിസാം, അഫ്സൽ ബാദുഷ, ഉനൈസ് പള്ളിമുക്ക്, നെജി മണക്കാട്, അസീമുദ്ദീൻ, സുബൈർ തുണ്ടുവിള തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.