കൊട്ടിയം: വൈദ്യുതി നിരക്ക് വർദ്ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കാനാണ് ഇടത് സർക്കാരിന്റെ ശ്രമമെന്ന് കെ.പി.സി.സി സെക്രട്ടറി ഷാനവാസ് ഖാൻ പറഞ്ഞു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ യു.ഡി.എഫ് കൊട്ടിയം വെസ്റ്റ്, മയ്യനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടിയം വൈദ്യുതി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിച്ചിട്ടും തിരുത്തൽ വരുത്തില്ലെന്ന നിലപാടാണ് പിണറായി വിജയന്റേത്. വൈദ്യുതി ചാർജും വെള്ളക്കരവും അടക്കം വർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങളെ നടുക്കടലിലേക്ക് തള്ളിയിടുന്നതാണ് വൈദ്യുത ചാർജ് വർദ്ധനവെന്നും ഷാനവാസ്ഖാൻ പറഞ്ഞു.
കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ ഉമയനല്ലൂർ ഷിഹാബുദ്ദീൻ, സുധീർ കിടങ്ങിൽ, ആർ.എസ്.പി നേതാക്കളായ ഡോ. ശശീന്ദ്ര ബാബു, ചിതാനന്ദൻ, കോൺഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ, പഞ്ചായത്തംഗങ്ങളായ എം. നാസർ, അനീഷ സലിം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. അജയകുമാർ, കെ. ബിഷഹാൽ, ബി. ശങ്കരനാരായണപിള്ള, പി.കെ. രാജു, കെ. നാസർ, പറക്കുളം സലാം, ക്രിസ്റ്റി വിൽഫ്രഡ് തുടങ്ങിയവർ സംസാരിച്ചു.