പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 3623-ാം നമ്പർ പിറവന്തൂർ ശാഖയുടെ ഒരുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ ആദ്യകുടുംബയോഗമായ ഗുരുദേവ കുടുംബയോഗത്തിന്റെ വാർഷികവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് എസ്. സുഭാഷിന്റെ വസതിയിൽ നടന്നു. ഒന്നാം വാർഷിക സമ്മേളനം യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുടുംബയോഗത്തിന്റെ ഒരുവർഷത്തെ റിപ്പോർട്ട് കൺവീനർ സുനിൽകുമാർ അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, ശാഖാ സെക്രട്ടറി വി. ജയകുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, വനിതാസംഘം യൂണിയൻ കൗൺസിലർ സുജ അജയൻ, ശാഖാ കമ്മിറ്റി അംഗം ഷേർലി ഗോപിനാഥ് എന്നിവർ സംസാരിച്ചു. കുടുംബയോഗം ചെയർമാൻ നിധിൻ കോമളൻ സ്വാഗതവും കൺവീനർ സുനിൽകുമാർ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ കുടുംബയോഗത്തിലെ അംഗമായ കീർത്തനയെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും നൽകി.