ലേ ഓഫ് അലവൻസ് ലഭിച്ചിട്ട് മാസങ്ങളേറെ
വിരമിച്ചവർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയുമില്ല
ചാത്തന്നൂർ: നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ട ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികൾ നിത്യവൃത്തിക്കായി കൂലിവേല തേടേണ്ട അവസ്ഥയിൽ. മാസങ്ങളേറെയായി ലേ ഓഫ് അലവൻസ് ലഭിക്കാതായതോടെ 250ഓളം തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്. വിരമിച്ചരിൽ പലർക്കും ഇതേവരെ പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിച്ചിട്ടില്ല. അടച്ചുപൂട്ടിയ ഫാക്ടറിയിൽ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതോടെ ഫാക്ടറി തുറന്ന് പ്രവർത്തിക്കുന്നതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കെടുകാര്യസ്ഥതയും ഭരണസമിതിയിലെ വിഭാഗീയതയും മൂലമാണ് തങ്ങൾക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. അതേസമയം മില്ലിന്റെ നവീകരണത്തിനും തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിനുമായി എൻ.സി.ഡി.സിയിൽ നിന്ന് അനുവദിച്ച വായ്പയുടെ മൂന്നാമത്തെ ഗഡു കൈമാറുന്നതിലുള്ള സർക്കാരിന്റെ കാലതാമസമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
ആനുകൂല്യങ്ങൾ മുടങ്ങിയതിനെ തുടർന്ന് പല തവണകളായി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ലേ ഓഫ് അലവൻസ് മുടങ്ങിയതിനെ തുടർന്ന് ഒരു തൊഴിലാളി മിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. എം.എൽ.എ ഇടപെട്ടാണ് അന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയത്. വീണ്ടും സമാന അവസ്ഥയിലേക്ക് എത്തിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്ന് തൊഴിലാളികൾ പറയുന്നു.
നഷ്ടത്തിൽ നിന്ന് അടച്ചുപൂട്ടലിലേക്ക് എത്തിയ ചാത്തന്നൂർ സ്‌പിന്നിംഗ് മിൽ
ടെക്സ്റ്റൈൽസ് മേഖലയിലെ ആധുനികവത്കരണവും വിദേശ ഉത്പന്നങ്ങളുടെ കടന്നുവരവും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ചാത്തന്നൂർ സഹകരണ മില്ലിന്റെ പ്രതിസന്ധി മറികടക്കാൻ നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (എൻ.സി.ഡി.സി) വിശദമായ പ്രോജക്ട് സഹിതം ഭരണസമിതി വായ്‌പയ്ക്ക് അപേക്ഷിച്ചു. അപേക്ഷ പരിഗണിച്ച എൻ.സി.ഡി.സി 2015ൽ വായ്പയുടെ ആദ്യഗഡുവായി 15 കോടി രൂപ അനുവദിച്ചു. ഈ തുക വിനിയോഗിച്ച് പുതിയ യന്ത്രസാമഗ്രികൾ വാങ്ങാൻ ഓർഡർ നൽകുകയും തൊഴിലാളികളുടെ മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ കൊടുത്തു തീർക്കുകയും ചെയ്തു.
2017ൽ അനുവദിച്ച വായ്പയുടെ രണ്ടാമത്തെ ഗഡുവിൽ നിന്ന് 12 കോടി രൂപയോളം വിനിയോഗിച്ച് പുതിയ യന്ത്രസാമഗ്രികളും വാങ്ങുകയും 2017 വരെ വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നവീകരണത്തിന്റെ ഭാഗമായി മിൽ അടച്ചിടാൻ തീരുമാനിച്ചത്.
പട്ടിണിയോട് പടവെട്ടി തൊഴിലാളികൾ
കഴിഞ്ഞ മൂന്ന് മാസമായി ലേ ഓഫ് അലവൻസ് ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. 2017ന് ശേഷം വിരമിച്ച 90 ഓളം തൊഴിലാളികൾക്ക് ഇതുവരെ ഗ്രാറ്റുവിറ്റി തുക ലഭിച്ചിട്ടില്ല. ഇതിൽതന്നെ 40 ഓളം തൊഴിലാളികൾക്ക് പെൻഷൻ ഫണ്ടിൽ തുക അടയ്ക്കാത്തതിനാൽ പെൻഷന് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.
ദൂരസ്ഥലങ്ങളിൽ നിന്നുള്ള പലതൊഴിലാളികളും വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമെന്നതിനാൽ സമീപപ്രദേശങ്ങളിൽ തന്നെ വാടകയ്ക്ക് താമസിക്കുകയാണ്. വിരമിച്ചതിന് ശേഷം ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതായതോടെ പെൺമക്കളുടെ വിവാഹം പോലും മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.
വിരമിച്ച തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് തൊഴിലാളികൾ ചേർന്ന് പെൻഷൻ ഫോറം രൂപീകരിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി വരുംദിവസങ്ങളിൽ ചെയർമാന്റെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനം. പരിഹാരമായില്ലെങ്കിൽ മിൽ വളപ്പിനുള്ളിൽ തൊഴിലാളികൾ കുടുംബത്തോടൊപ്പം കുടിൽകെട്ടി താമസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വട്ടക്കുഴിക്കൽ മുരളി
സെക്രട്ടറി, പെൻഷൻ ഫോറം
സംസ്ഥാന സർക്കാരും സ്ഥലം എം.എൽ.എയും സ്പിന്നിംഗ് മില്ലിന്റെ വികസന പ്രവർത്തനത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. നവീകരണത്തിനായി മിൽ അടച്ചിട്ടപ്പോൾ എൻ.സി.ഡി.സിയുമായുള്ള കരാർ പ്രകാരമുള്ള ലേ ഓഫ് അലവൻസും മറ്റ് ആനുകൂല്യവും തൊഴിലാളിക്ക് മുടക്കം കൂടാതെ നൽകണം. എൻ.സി.ഡി.സി അനുവദിച്ച ബാക്കി തുക സംസ്ഥാന സർക്കാർ മില്ലിന് കൈമാറി നവീകരണം പൂർത്തിയാക്കി മിൽ തുറന്നുപ്രവർത്തിപ്പിക്കണം.
ബി.ബി. ഗോപകുമാർ (ബി.ജെ.പി സംസ്ഥാന സമിതി അംഗം)