photo
പുത്തൂർ പൊലീസ് സ്റ്റേഷന് നിർമ്മിക്കുന്ന കെട്ടിടം

പുത്തൂർ: പുത്തൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് ആദ്യവാരത്തിൽ നടന്നേക്കും. ഒറ്റ നിലയ്ക്ക് 3400 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സ്റ്റേഷന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം. ഇതിനൊപ്പം നിലവിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടങ്ങൾ സ്റ്റേഷന് വേണ്ടിത്തന്നെ ഉപയോഗിക്കാനുമാകും. പി. ഐഷാപോറ്റി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഷനായി കെട്ടിടം നിർമ്മിച്ചത്. ഇനി അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തിയാകും. ഓഫീസുകൾക്ക് വേണ്ട ഫർണിച്ചറുകൾ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

അസൗകര്യങ്ങൾക്ക് പരിഹാരം

നെടുവത്തൂർ, പവിത്രേശ്വരം, കുളക്കട പഞ്ചായത്ത് പ്രദേശങ്ങളാണ് പുത്തൂർ സ്റ്റേഷന്റെ പരിധി. ഈ മേഖലകളിൽ നിന്നായി ദിവസവും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റേഷനിൽ അസൗകര്യങ്ങൾ തുടക്കകാലം മുതലുണ്ട്. മത്സ്യ വില്പനയ്ക്കും മറ്റ് കച്ചവടങ്ങൾക്കുമായി നിർമ്മിച്ച കെട്ടിടങ്ങളിലാണ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. സി.ഐ അടക്കം മുപ്പതിൽപ്പരം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷന് സ്വന്തം ആസ്ഥാനമെത്തുന്നതോടെ നിലവിലുള്ള അസൗകര്യങ്ങൾക്ക് പരിഹാരമാകും.

ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം(പി.ഐഷാ പോറ്റി എം.എൽ.എ)

പുത്തൂർ പൊലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഒരു മാസത്തിനുള്ളിൽ നടക്കും. സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സൗകര്യങ്ങൾ ഉപകരിക്കും.

ഒറ്റ നിലയ്ക്ക് 3400 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സ്റ്റേഷന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം

ചെവല്: 95 ലക്ഷം രൂപ

 നിർമ്മാണം തുടങ്ങിയത്: 2018 ജനുവരി 28ന്

സ്റ്റേഷനിലുള്ളത്: സി.ഐ അടക്കം 30 ൽ അധികം ഉദ്യോഗസ്ഥർ

മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ ശ്രമം

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ തീയതി നിശ്ചയിച്ചുകിട്ടുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് കെങ്കേമമാക്കാൻ സംഘാടക സമിതി യോഗം ഈ മാസം തന്നെ വിളിച്ചുചേർക്കും.

പഞ്ചായത്ത് നൽകിയ ഭൂമി

നെടുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേ ചന്തയിലെ 25 സെന്റ് സ്ഥലമാണ് പൊലീസ് സ്റ്റേഷന് വേണ്ടി വിട്ടുനൽകിയത്. പുത്തൂരിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചപ്പോൾ താൽക്കാലികമായി പ്രവർത്തിക്കാനും ഇവിടെയാണ് സ്ഥലം നൽകിയത്. പിന്നീട് സ്ഥിരം സംവിധാനമാകുന്നതിനായി ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറി. 2018 ജനുവരി 28ന് ആയിരുന്നു സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾക്ക് തുടക്കമിട്ടത്. ആറ് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇപ്പോഴാണ് പൂർത്തീകരണത്തിലേക്ക് അടുത്തത്.