ചാത്തന്നൂർ: ദേശീയപാതയിൽ കാരംകോട് സ്പിന്നിംഗ് മിൽ ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. പിക്കപ്പ് വാൻ ഡ്രൈവർ പള്ളിമൺ ഇളവൂർ നുജും മൻസിലിൽ സലിം (55), മകൻ നുജും (31), കെ.എസ്.ആർ.ടി.സി പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ അഷറഫ്, ഡ്രൈവർ രാജു എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.