ചാത്തന്നൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്രി കോളജിലെ പൂർവവിദ്യാർത്ഥിയെന്ന് പറയുന്നതിൽ അഭിമാനമുണ്ടെങ്കിലും ഇന്ന് അവിടെ നിന്ന് വരുന്ന വാർത്തകൾ വേദനാജനകമാണെന്ന് മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അംഗവുമായ സി.പി. നായർ പറഞ്ഞു. പാരിപ്പള്ളി സംസ്കാരയുടെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ പഠനകാലത്ത് വിദ്യാർത്ഥികൾ വളരെ സൗഹൃദമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും അന്നത്തെ കോളേജ് അന്തരീക്ഷം പരമശാന്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മികച്ച ഹയർ സെക്കൻഡറി വിദ്യാലയത്തിനുള്ള എൻ. ഭാസി സ്മാരക എവർറോളിംഗ് ട്രോഫിയും ഹൈസ്കൂളിനുള്ള പി.കെ.ആർ. നായർ എവർറോളിംഗ് ട്രോഫിയും ചാത്തന്നൂർ എൻ.എസ്.എസ് സ്കൂളിന് സമ്മാനിച്ചു. മികച്ച രണ്ടാമത്തെ പൊതുവിദ്യാലയത്തിനുള്ള സരോജിനി അമ്മ സ്മാരക എവർറോളിംഗ് ട്രോഫി ചെമ്പകശ്ശേരി സ്കൂളിനും സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവിനുള്ള സുരേന്ദ്രൻ സ്മാരക എവർറോളിംഗ് ട്രോഫി പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിനും നൽകി.
മീനാട്ട് സുകുമാരപിള്ളയുടെ ഓർമ്മയ്ക്കായി മകൻ എസ്.ആർ. അനിൽകുമാർ സംഭാവന ചെയ്ത 2500 രൂപയുടെ ലൈബ്രറി പുസ്തകങ്ങൾ സംസ്കാര ഭാരവാഹികൾ പള്ളിക്കൽ ബി.വി.എൽ.പി സ്കൂളിന് നൽകി. കലാകായിക പ്രതിഭകളെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 61 കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. സംസ്കാര സ്നേഹസ്പർശം പദ്ധതി പ്രകാരം 5000രൂപ ചികിത്സാ ധനസഹായവും ഏഴ് വിദ്യാർത്ഥികൾക്ക് പഠന സഹായമായി ആയിരം രൂപ വീതവും വിതരണം ചെയ്തു.
സംസ്കാര പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രവീൺകുമാർ, ട്രഷറർ എസ്. ശ്രീലാൽ, അവാർഡ് കമ്മിറ്രി കൺവീനർ ബി. ഷാജി എന്നിവർ സംസാരിച്ചു.