photo
പുൽക്കാടുകളാൽ മൂടപ്പെട്ട് കിടക്കുന്ന 11 കെ.വി ട്രാൻസ് ഫോർമർ

കരുനാഗപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളെ മോഡൽ സെക്ഷൻ ഓഫീസുകളാക്കി മാറ്റിയത് 11 കെ.വി ട്രാൻസ് ഫോർമറുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. പുതിയ സംവിധാനം നിലവിൽ വന്നതോടെ ലൈൻമാൻമാരുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. ലൈൻമാൻമാർ കുറവായതോടെ ട്രാൻസ് ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലാണ് വീഴ്ച്ചയുണ്ടാവുന്നത്. ട്രാൻസ്‌ഫോർമറുകളിൽ പലതും വള്ളിപ്പായലാൽ മൂടപ്പെട്ടിരിക്കുകയാണ്. 11 കെ.വി ലൈനുകളിൽ വള്ളിപ്പോച്ചകൾ ചുറ്റിയാൽ ഇതിലൂടെ താഴേക്ക് വൈദ്യുതി പ്രവഹിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത് വൻ അപകടങ്ങൾക്ക് കാരണമാകും. മിക്ക ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചിരിക്കുന്നത് റോഡുകളുടെ വശങ്ങളിലാണ്. യാത്രക്കാർ നിരന്തരം സഞ്ചരിക്കുന്നിടത്ത് ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചാൽ അപകട സാദ്ധ്യത ഒഴിവാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. 11കെ.വി ട്രാൻസ്‌ഫോർമറുകൾ കുറ്റമറ്റ രീതിയിൽ സംരക്ഷിക്കാനുള്ള ഏർപ്പാടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കരുനാഗപ്പള്ളി സൗത്ത് സെക്ഷൻ ഓഫീസിൽ പുതിയ സംവിധാനം നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ലൈൻമാൻമാർ: 22

ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളെ മോഡൽ സെക്ഷൻ ഓഫീസുകളാക്കി മാറ്റിയതിന് ശേഷമുള്ള ലൈൻമാൻമാർ: 12

റവന്യൂ വിഭാഗത്തിലുള്ളത്: 2 പേർ

മെയിന്റനൻസിലുള്ളത് : 2 പേർ

 വീക്കിലി ഓഫിൽ ആയിരിക്കുന്നത്: 2 പേർ‌

ശേഷിക്കുന്ന ലൈൻമാൻമാർ: 6 പേർ (ഇതിൽ ആരെങ്കിലും അവധിയിൽ പ്രവേശിച്ചാൽ മറ്റുള്ളവരുടെ ജോലി ഭാരം വർദ്ധിക്കുകയും പല ജോലികളും മുടങ്ങുകയും ചെയ്യും)

കരുനാഗപ്പള്ളി ഇലക്ട്രിക്കൽ സൗത്ത് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ളത് 200 ഓളം ട്രോൻസ്‌ഫോർമറുകൾ

പുതിയ സംവിധാനം വരുന്നതിന് മുമ്പ്

പുതിയ സംവിധാനം നിലവിൽ വരുന്നതിന് മുമ്പ് ഒരു പ്രദേശത്തുള്ള മുഴുവൻ ട്രാൻസ്‌ഫോർമറുകളുടെയും ചുമതല ഒരു ലൈൻമാനായിരുന്നു. ഒരു പ്രദേശത്ത് കുറ‌ഞ്ഞത് 10 ഓളം ട്രാൻസ്‌ഫോർമറുകൾ ഉണ്ടാകും. ട്രാൻസ് ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ, സുരക്ഷ തുടങ്ങി എല്ലാ കാര്യങ്ങളും നിർവഹിച്ചിരുന്നത് ലൈൻമാനായിരുന്നു. ലൈൻമാന്റെ സേവനം ഉപഭോക്താക്കൾക്ക് ഏത് സമയത്തും ലഭ്യമായിരുന്നു. പുതിയ സംവിധാനം നിലവിൽ വന്നതോടെ ലൈൻമാൻമാരുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ട്രാൻസ്‌ഫോർമറുകളുടെ പരിചരണത്തിൽ വീഴ്ച സംഭവിക്കുകയും ചെയ്തു.