prathi
അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ കൊല്ലം കോടതിയിൽ ഹാജരാക്കിയപ്പോൾ.

കൊല്ലം: അഞ്ചൽ ഏരൂർ സ്വദേശിനിയായ ഏഴു വയസുകാരിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി കരിക്കം വടക്കേ ചെറുകര രാജേഷ് ഭവനിൽ രാജേഷ് കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി (പോക്സോ സ്പെഷ്യൽ കോടതി) കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിന്റെ കുടുംബത്തിലൊരാളുടെ ഭർത്താവാണ് രാജേഷ്. പെൺകുട്ടിയും പ്രതിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. 2017 സെപ്തംബർ 27ന് രാവിലെ ഏഴരയോടെ അമ്മുമ്മയുമായി ട്യൂഷൻ വീട്ടിലേക്ക് പോയ പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന പ്രതി താൻ ട്യൂഷൻ സ്ഥലത്താക്കാമെന്ന് പറഞ്ഞ് അമ്മുമ്മയെ മടക്കി അയച്ചു. കുട്ടിയെ ബസിൽ കയറ്റി ചെറുകരയിലെത്തിച്ച് വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പെൺകുട്ടി ട്യൂഷന് എത്തിയില്ലെന്നറിഞ്ഞ് രക്ഷിതാക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ആർ.പി.എൽ എസ്റ്റേറ്റിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ സ്രവങ്ങൾ പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ നഖത്തിൽ നിന്ന് കണ്ടെടുത്ത ചർമ്മ കോശങ്ങൾ പ്രതിയുടേതാണെന്നും സ്ഥിരീകരിച്ചു. പെൺകുട്ടി കൊല്ലപ്പെട്ട ശേഷവും ലൈംഗിക പീഡനം നടത്തിയതായി വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. പെൺകുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങൾ ഏരൂരിലെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി ക്യാമറയിൽ നിന്ന് ലഭിക്കുകയും ചെയ്തു. കൊലപാതകം, ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോടുള്ള അനാദരവ് എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവുമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
വിധി കേൾക്കാൻ കോടതിയിലെത്തിയ പെൺകുട്ടിയുടെ മാതാവ് പ്രതിയെക്കണ്ട് പൊട്ടിക്കരഞ്ഞു. കുറ്റക്കാരനാണെന്ന് വിധിച്ചശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. അന്നത്തെ പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, അ‌ഞ്ചൽ സി.ഐ അഭിലാഷ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 44 രേഖകളും 26 മുതലുകളും ഹാജരാക്കി. ജി. മോഹൻരാജാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ.