രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം

മുരുകൻ പാറശ്ശേരി

മലയാളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള രാമായണകഥ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ്. ഈ കൃതിയുടെ രചനയ്‌ക്ക് മുഖ്യാവലംബമായിരിക്കുന്നത് ബാദരായണന്റെ അദ്ധ്യാത്മ രാമായണം സംസ്‌കൃത കാവ്യവും. ബാദരായണൻ വ്യാസൻ തന്നെയാണല്ലോ. ഇത് വ്യാസ മഹർഷിയുടെ ബ്രഹ്മാണ്ഡ പുരാണത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്നു. രാമന്റെ മഹത്വത്തെ സംബന്ധിച്ച് വാല്മീകിയുടെയും വ്യാസന്റെയും എഴുത്തച്ഛന്റെയും സങ്കൽപ്പത്തിനിണങ്ങുന്ന ഭാവമാണ് ഓരോ കൃതിയിലും പ്രതിഫലിക്കുന്നത്.

ആദികവി ഏറ്റവും ഉത്തമനായ മനുഷ്യന്റെ ജീവിതത്തെയും ഭരണത്തെയും തത്ത്വചിന്തയെയും അവതരിപ്പിക്കുമ്പോൾ, അതിൽ, മാനുഷിക ഭാവത്തിനും മാനവജന്യമായ വൈകാരികതയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

'മാനിഷാദപ്രതിഷ്‌ഠാം ത്വ-

മഗമശാശ്വതീ: സമാം:

യത് ക്രൗഞ്ചമിഥുനാദേക-

മവധീ: കാമമോഹിതം.'' - എന്ന നാന്ദീശ്ലോകം തന്നെ ഇതിന് തെളിവാണ്.

ഇണക്കിളികളിൽ ഒന്നായ ആണിനെ കാട്ടാളൻ എയ്‌തുവീഴ്‌ത്തി. ഇത് കണ്ട് പിടയുടെ വേദനയറിഞ്ഞ മഹർഷിയിൽ നിന്ന് ശാപമെന്ന പോലെ അടർന്നുവീണ ശ്ലോകമാണിത്.'' ഹേ കാട്ടാള! ക്രൗഞ്ചങ്ങളിൽ ഒന്നിനെ വധിച്ചതിനാൽ നിനക്കു ശ്വാശതമായ പ്രതിഷ്‌ഠ ലഭിക്കാതെ പോകട്ടെ'' എന്ന്. ആൺ കിളിയെ രാമനായും പെൺകിളിയെ സീതയായും സങ്കൽപ്പിച്ചാൽ നിഷാദൻ രാവണനായിരിക്കും. അദ്ധ്യാത്മികമായി നോക്കുമ്പോൾ, സീതാരാമന്മാരുടെ ദു:ഖത്തിന് കിളിപ്പാട്ടിൽ വലിയ പ്രാധാന്യമൊന്നുമില്ല. ലൗകികമായ അർത്ഥത്തിൽ അത് ഏറ്റവും ശക്തമായ വിരഹവേദനയെ ഉണ്ടാക്കുന്നതുമാണ്. ഇരുവരും രാജസവും സാത്വികവുമായ മഹത്വത്തിൽ നിന്ന് നിപതിക്കുന്നില്ലല്ലോ. പ്രകൃതിയും പുരുഷനും - സീതയും രാമനും - ആത്മീയമായി ലയിക്കുന്നതുവരെയുള്ള ദ്വൈതീഭാവം കാണാൻ കഴിയുന്നുവെന്നതിനാണ് പ്രാധാന്യം. ഈ ദ്വൈതീഭാവത്തെ വികാര വിചാരങ്ങളടങ്ങിയ ജീവിതമെന്നു പറയാം. ബാഹ്യമായ യാഥാർത്ഥ്യവും ആന്തരികമായ പാരമാർത്ഥ്യവും വെവ്വേറെയും ലയിപ്പിച്ചും കാണിക്കുന്നതാണ് എഴുത്തച്ഛന്റെ സീതാരാമന്മാരുടെ പ്രകൃതം. ശമദമങ്ങൾ സ്വീകരിച്ച ഉത്തമ മനുഷ്യന്റെ ദു:ഖം ഇത്ര വലുതാണെങ്കിൽ സാധാരണ മനുഷ്യനുണ്ടാകുന്ന ദു:ഖം എത്ര ദുസ്സഹമാണെന്ന് ഊഹിക്കാൻ കഴിയും. തമസ തീരത്തുവച്ച് ഉതിർന്നുവീണ ശാപത്തിൽ വേടന്റെ അതിക്രമത്തിനെതിരെയുള്ള മുന്നറിയിപ്പും മനുഷ്യനായാലും മറ്റു ജീവികളായാലും അവയിലുണരുന്ന പ്രണയരതിയുടെ മൂല്യം ഒന്നുതന്നെയാണെന്ന തിരിച്ചറിവുമുണ്ട്. ഇതിലൂടെ പ്രകൃതിപരമായ കാഴ്‌ചപ്പാടാണ് കവി വെളിപ്പെടുത്തുന്നത്. വാല്മീകിയുടെ ഈശ്വരചിന്ത മാനുഷികമായ കാഴ്‌ചപ്പാടിനെ ഉപേക്ഷിക്കാതെ അതിൽ നിന്ന് വളർന്നു വികസിച്ചതാണെന്നാണല്ലോ നാന്ദീശ്ലോകം ധ്വനിപ്പിക്കുന്നത്. മറ്റൊന്ന്, വിധിയാൽ വലിച്ചിഴക്കപ്പെടുന്ന മനുഷ്യന് നിസ്സഹായതയിൽ നിന്ന് രക്ഷനേടാൻ ഭക്തിമാർഗമാണ് ശരിയെന്ന് ആചാര്യന്മാർ ഒരുപോലെ വിശ്വസിക്കുന്നു.

ജീവിതായോധനത്തിന്റെ ഭാഗം എന്ന നിലയിൽ തമസ നദി, മഹർഷിയുടെ ശാപം ഏറ്റുവാങ്ങി, അദ്ദേഹത്തിന്റെ ഏകമുഖമായ ആത്മദു:ഖത്തെ വിശാലമായ പ്രവാഹമാക്കി ലോകം മുഴുവൻ വ്യാപിപ്പിച്ചു. ഈ പ്രവാഹത്തിന്റെ സാന്ദ്രീകരിച്ച രൂപമാണ് 'രാമായണം'. വേണമെങ്കിലും വേണ്ടെങ്കിലും ഇരപിടിക്കുന്നവനാണു നിഷാദൻ. രാവണനെ സംബന്ധിച്ച വൈകാരികതയോട് ഈ അഭിപ്രായം നൂറുശതമാനവും യോജിക്കുന്നു. നിഷാദത്വം ലങ്കയുടെ രാജപദവിയിൽ കടന്നുകൂടി, എത്ര നിരപരാധികളെയാണ് ദു:ഖത്തിന്റെ ആഴിയിൽ ആഴ്‌ത്തിയത് ! നിഷാദൻ രാവണനാണെങ്കിൽ അയാൾ വൈദേഹിയേയല്ല, രാമനെയണ് നിരാശയുടെ അഗ്നിയിലേക്ക് തള്ളിവിട്ട് ശത്രുത വളർത്താൻ ശ്രമിച്ചത്.

അദ്ധ്യാത്മ രാമായണകാരനും തുഞ്ചത്താചാര്യനും ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമായി കരുതുന്നു. അവതാരത്തിന് എന്തും നിഷ്‌പ്രയാസം നിർവഹിക്കാനാകും. എന്നാൽ അദ്ധ്യാത്മ രാമായണകാരന്മാരുടെ രാമൻ സാധാരണ മനുഷ്യനെ പോലെ ജീവിച്ച് അവരുടെ വികാരവിചാരങ്ങൾ തന്റേയും വികാര വിചാരങ്ങളാണെന്നറിയുന്നു. എങ്ങനെയാണ് ഒരു ഉത്തമമനുഷ്യൻ ഉത്തമനായ രാജാവാകുന്നതെന്ന് കാട്ടിക്കൊടുക്കുന്നു. ഇതിലുമപ്പുറമായി എത്രവലിയ സംസാരത്തിരകളെയും അതിജീവിച്ച് മോക്ഷം പ്രാപിക്കുന്നതെങ്ങനെയെന്നും കാട്ടിത്തരുന്നു. ഇങ്ങനെ നോക്കുമ്പോൾ, മനുഷ്യന് അനുപേക്ഷണീയമായ പാഠങ്ങൾ പകർന്നുതരുന്ന മഹാനാണ് ശ്രീരാമൻ എന്നു പറയാം. ഇതുതന്നെയാണ് മൂന്നു കവികളുടെയും സങ്കല്പ ലക്ഷ്യങ്ങൾ.