കൊല്ലം: സൗദി അറേബ്യയിലെ റിയാദിൽ ഇന്റർപോൾ പിടികൂടിയ ക്ലാപ്പന സ്വദേശിയായ പോക്സോ കേസ് പ്രതിയെ നാട്ടിലെത്തിച്ചു. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്ലാപ്പന വാതല്ലൂർ ലക്ഷംവീട് കോളനിയിൽ സുനിൽ കുമാറാണ് (34,പക്കി ) പിടിയിലായത്.

റിയാദിലെ അൽഹൈർ ജയലിൽ പാർപ്പിച്ചിരുന്ന പ്രതിയെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ക്രൈം റിക്കോർഡ്സ് ബ്യൂറോ എ.സി.പി എം. അനിൽകുമാർ, ഓച്ചിറ സി.ഐ ആർ. പ്രകാശ്, എന്നിവരടങ്ങുന്ന സംഘം അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

2017ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ സുഹൃത്തിന്റെ സഹോദരന്റെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. ഗൾഫിലായിരുന്ന സുനിൽകുമാർ നാട്ടിലെത്തിയപ്പോൾ മദ്യപാനിയായ സുഹൃത്ത് വഴി പെൺകുട്ടിയുടെ വീടുമായി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ പെൺകുട്ടിയെ പീ‌ഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സഹപാഠികളോട് വിവരം വെളിപ്പെടുത്തിയതോടെ അദ്ധ്യാപകർ അറിഞ്ഞു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ അറിയിച്ചപ്പോഴേക്കും സുനിൽ ഗൾഫിലേക്ക് കടന്നിരുന്നു. സംഭവം പുറത്തായതോടെ പെൺകുട്ടിയുടെ ചെറിയച്ഛൻ ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയെ അഞ്ചാലുംമൂട് ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെ കഴിയവെ അധികൃതരുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി 2017 ജൂണിൽ ആത്മഹത്യചെയ്തു. ഇതോടെ സുനിലിന് വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

സിറ്റി പൊലീസ് കമ്മിഷണറായി മെറിൻ ജോസഫ് ചുമതലയേറ്റെടുത്ത ശേഷം പഴയ കേസുകൾ പരിശോധിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടി. ദിവസങ്ങൾക്കുള്ളിൽ ഇന്റർപോൾ റിയാദിൽ നിന്ന് സുനിലിനെ പിടികൂടി സൗദി പൊലീസിന് കൈമാറി.

മാനഭംഗം, പോക്സോ, പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച പ്രതിയെ ഇന്ന് ക്ലാപ്പനയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇന്ത്യയും സൗദിയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത്.