auto-rickshaw

കൊല്ലം: മാസങ്ങൾ നീണ്ട ചർച്ചകൾക്കും സമവായങ്ങൾക്കുമൊടുവിൽ നഗരത്തിലെ ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്താനെടുത്ത തീരുമാനം ഒരിക്കൽക്കൂടി അട്ടിമറിക്കപ്പെട്ടു. വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മേയറുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്താൻ ധാരണയായത്.

എന്നാൽ ആദ്യ ദിവസം മുതൽ തീരുമാനം അട്ടിമറിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. മീറ്റർ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ യാത്രക്കാരുമായി തർക്കിക്കുന്നതിലായിരുന്നു ഇവർക്ക് താൽപ്പര്യം. നിയമം അംഗീകരിച്ച് മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് നടത്തിയവരും പതുക്കെ മീറ്റർ ഒാഫ് ചെയ്തു. തങ്ങൾ മാത്രം മണ്ടന്മാരാകുന്നുവെന്ന തോന്നലിലാണ് നഗരസഭാ തീരുമാനം അനുസരിച്ച ഡ്രൈവർമാർ പിന്നീട് പിൻമാറിയത്.

ആദ്യ ദിനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കർശനമായിരുന്നെങ്കിലും പിന്നീട് പരിശോധനകളും തണുത്തു.

 മീറ്ററിടാൻ സൗകര്യമില്ല..

കഴിഞ്ഞ ദിവസം ചിന്നക്കടയിൽ നിന്ന് ബെൻസിഗർ ആശുപത്രിയിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയ യുവതി മീറ്റർ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല. തുടരെ ആവശ്യപ്പെട്ടപ്പോൾ അധിക്ഷേപവും കേൾക്കേണ്ടി വന്നു. ആശുപത്രിയിലെത്തിയപ്പോൾ മനക്കണക്ക് കൂട്ടി ഡ്രൈവർ പറഞ്ഞ പണം നൽകേണ്ടിയും വന്നു.

 റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറിൽ തിരക്ക്

റെയിൽവേ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിപ്പിക്കുന്ന പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിനെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്. ട്രെയിനിൽ എത്തുന്ന യാത്രക്കാർ മാത്രമല്ല, പുറത്ത് നിന്നുള്ളവരും ഓട്ടോറിക്ഷ വിളിക്കാൻ ഇവിടെ വരുന്നുണ്ട്.

രണ്ട് രൂപ കൗണ്ടറിൽ അടച്ച് പോകേണ്ട സ്ഥലം പറയുമ്പോൾ യാത്രാക്കൂലി രേഖപ്പെടുത്തിയ രസീത് യാത്രക്കാരന് ലഭിക്കും. യാത്ര അവസാനിക്കുമ്പോൾ രസീതിലെ തുക നൽകിയാൽ മതി.

പുറത്തെ ഓട്ടോറിക്ഷകളിൽ കയറി യാത്രാക്കൂലി തർക്കങ്ങളിൽ ഏർപ്പെടാൻ മിക്കവർക്കും താൽപ്പര്യമില്ല. ചിന്നക്കട ഉൾപ്പെടെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.