 തെളിവ് സഹിതം പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല

കൊല്ലം: നഗരത്തിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തെക്കുറിച്ച് തെളിവ് സഹിതം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ മാഫിയകൾക്ക് സഹായം നൽകിയതായി വിമർശനം. നഗരത്തിലെ രണ്ട് പ്രധാന സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിനെതിരെയാണ് പരാതി ഉയർന്നത്. ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ നടത്തിപ്പുകാരിയുമായി ഇടപാടുകാരനെന്ന പേരിൽ ഫോണിൽ സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ സഹിതമാണ് സ്വന്തം പേരും മേൽവിലാസവും രേഖപ്പെടുത്തിയ പരാതി പൊലീസിന് നൽകിയത്. കേന്ദ്രത്തിലെ ഇതര സംസ്ഥാനക്കാരായ സ്‌ത്രീകളുടെ പേര് വിവരങ്ങളും ഇവർക്ക് ഒരു മണിക്കൂറിന് നൽകേണ്ട തുകയും നടത്തിപ്പുകാരി ഫോണിലൂടെ സംസാരിക്കുന്നത് ശബ്‌ദരേഖയിൽ വ്യക്തമാണ്. ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടും ലാഘവത്തോടെയാണ് പൊലീസ് വിഷയത്തെ സമീപിച്ചത്. പിങ്ക് പൊലീസിന്റെ പട്രോളിംഗ് വാഹനത്തിൽ യൂണിഫോം ധരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനായി സ്ഥാപനത്തിൽ വിട്ടത്. പരിസര വാസികളോടും വനിതാ ഉദ്യോഗസ്ഥർ യൂണിഫോമിൽ കാര്യങ്ങൾ അന്വേഷിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പരിശോധകരുടെ വിലയിരുത്തൽ. ഇതോടെ പരാതി നൽകിയ നാട്ടുകാരൻ അപഹാസ്യനായി. ബ്യൂട്ടി പാർലർ എന്ന പേരിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ കയറിയാൽ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ ഓർത്താണ് ഇടപെടൽ നടത്തിയതെന്ന് പരാതിക്കാരൻ പറയുന്നു. പക്ഷേ, ടെലിഫോൺ ശബ്ദരേഖയിലെ കാര്യങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ പരാതിക്കാരൻ കാണിച്ച ജാഗ്രതപോലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.