പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ
പടിഞ്ഞാറേ കല്ലട: കല്ലടയാറ്റിൽ നിന്ന് രാത്രിയിൽ വൻതോതിൽ മണലൂറ്റും ചെളി വാരലും നടക്കുന്നതായി നാട്ടുകാരുടെ പരാതി. കണ്ണങ്കാട്ട് കടവിനും മുതിരപ്പറമ്പിനും ഇടയിലുള്ള ഭാഗങ്ങളിലാണ് വ്യാപകമായി മണലൂറ്റും ചെളി വാരലും നടക്കുന്നത്. ഇവ മൺറോത്തുരുത്തിലെ പരിസരങ്ങളിലും കൊല്ലം കാവനാട് ഭാഗങ്ങളിലും വള്ളങ്ങളിൽ കൊണ്ടുപോയി വൻ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നു. സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് കല്ലടയാറ്റിന്റെ ഇരുകരകളിലും പാറ കൊണ്ട് നിർമ്മിച്ച ഭിത്തി മിക്ക സ്ഥലങ്ങളിലും ഇടിഞ്ഞു പോയിട്ടുണ്ട്. ശാസ്താംകോട്ട, കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന കല്ലടയാറ്റിന്റെ ഈ ഭാഗങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രളയത്തിൽ അടിഞ്ഞ് കൂടിയ മണൽ
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ കല്ലടയാറ്റിലെ പല ഭാഗങ്ങളിലും ചെളിയും മണലും അടിഞ്ഞുകൂടിയിട്ടുണ്ട്. അർദ്ധരാത്രി വള്ളങ്ങളിൽ സംഘങ്ങളായെത്തിയാണ് കരയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി മണലൂറ്റുന്നത്.