കൊട്ടാരക്കര: കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. നേരത്തേ ഒാഡിറ്റോറിയം നിന്നിരുന്ന ഭാഗത്ത് നിർമ്മിക്കുന്ന വലിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ അദ്ധ്യയന വർഷംതന്നെ ഹൈടെക്ക് സംവിധാനങ്ങളൊരുക്കി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. 2018 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. പിന്നെയും രണ്ട് മാസം പിന്നിട്ടപ്പോഴാണ് നിർമ്മാണ ജോലികൾ തുടങ്ങിയത്. 9 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും നീണ്ടുപോയി. കെട്ടിട നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഹാബിറ്റാറ്റ് രൂപകൽപ്പന ചെയ്ത പദ്ധതിക്ക് വാപ്സ് കോസ്റ്റ് ഏജൻസിക്കാണ് ഏകോപനച്ചുമതല. നിരീക്ഷണത്തിന് ജനകീയ സമിതിയുമുണ്ട്. ഹൈടെക് സംവിധാനങ്ങൾ എത്തുന്നുണ്ടെങ്കിലും തീർത്തും പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്.
ഹൈടെക് സംവിധാനങ്ങൾ
പ്രകൃതിക്കിണങ്ങിയതെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളോടെയാണ് സ്കൂൾ വികസനത്തിനൊരുങ്ങുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ക്ളാസ് മുറികൾ, ജൈവ വൈവിദ്ധ്യ പാർക്ക്, മാലിന്യ സംസ്കരണ പ്ളാന്റ്, പാർക്കിംഗ് ഏരിയ, ആധുനിക സംവിധാനങ്ങളുള്ള ശുചിമുറികൾ, ഡിജിറ്റൽ ലൈബ്രറി, ഹൈടെക് ലബോറട്ടറി, സെമിനാർ ഹാൾ, സി.സി.ടി.വി നിരീക്ഷണം, ഐ.ഇ.ഡി റിസോഴ്സ് സെന്റർ, കിച്ചൻ, ഡൈനിംഗ് ബ്ളോക്ക്, ഓഡിറ്റോറിയം, വിവിധോദ്ദേശ്യ കോർട്ട്, മൈതാനവും തൊഴിൽ നൈപുണി കേന്ദ്രം എന്നിവ ഒരുക്കും. പച്ചപ്പ് പടർത്തുന്നതാകും കാമ്പസ് അന്തരീക്ഷം.
വികസന പ്രവർത്തനങ്ങൾ നടത്താൻ- 10 കോടി
സർക്കാർ നൽകിയത്- 5 കോടി
പി. ഐഷാപോറ്റി എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന്- 2.5 കോടി
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ
വിദ്യാർത്ഥികൾ: 1400ൽപ്പരം
സ്കൂൾ പ്രവർത്തനം തുടങ്ങിയത്:1894ൽ
മുത്തശ്ശി വിദ്യാലയം
കൊട്ടാരക്കരയുടെ മുത്തശ്ശി വിദ്യാലയമാണ് ഗവ. ബോയ്സ് ഹൈസ്കൂൾ. മുൻ മുഖ്യമന്ത്രി ആർ. ശങ്കർ അടക്കമുള്ള പ്രമുഖർ പഠിച്ച സ്കൂളെന്ന പെരുമയുമുണ്ട്. 1894ൽ ആണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. വിദ്യാലയത്തിന് രണ്ടര ഏക്കർ സ്ഥലവും 2.13 ഏക്കർ കളിസ്ഥലവും ഉണ്ട്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനായി 11 കെട്ടിടങ്ങൾ പൊളിക്കേണ്ടിവന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1400ൽപ്പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഹൈടെക് സംവിധാനങ്ങൾ എത്തുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.