മേയർ ശിലാസ്ഥാപനം നിർവഹിച്ചു
കൊല്ലം: കേരളകൗമുദി വാർത്ത അധികൃതരുടെ കണ്ണ് തുറപ്പിച്ചു, തീരദേശത്തെ കുരുന്നുകൾക്ക് ഇനി ഹൈടെക് അംഗൻവാടി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാടി തീരദേശ അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നത്.
കെട്ടിടത്തിന് ഇന്നലെ മേയർ വി. രാജേന്ദ്രബാബു ശിലപാകി. കൈക്കുളങ്ങര ഡിവിഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷീബ ആന്റണി, മറ്റ് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
കഴിഞ്ഞ ഒക്ടോബർ 27ന് 'വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി തീരദേശ അംഗൻവാടി' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോർപ്പറേഷന്റെ കൈക്കുളങ്ങര ഡിവിഷനിൽപ്പെടുന്ന വാടിയിലെ തീരദേശ അംഗൻവാടിക്ക് കെട്ടിടമില്ലെന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം പരിതാപകരമാണെന്നും ചൂണ്ടിക്കാട്ടിയുള്ള വാർത്ത സജീവ ചർച്ചയ്ക്ക് ഇടയാക്കി.
കെട്ടിടത്തിന് അനുയോജ്യമായ ഭൂമി ലഭ്യമല്ലാത്തതായിരുന്നു വർഷങ്ങളായുള്ള തടസം. പ്രവർത്തനരഹിതമായ അവെയർനസ് സെന്ററിന്റെ കെട്ടിടം നിൽക്കുന്ന സ്ഥലം അംഗൻവാടിക്കായി ഏറ്റെടുക്കണമെന്ന് തുടർവാർത്തയിൽ ചൂണ്ടിക്കാട്ടിയതോടെ കൗൺസിലർ ഷീബ ആന്റണി ഹാർബർ വകുപ്പിനെ സമീപിക്കുകയും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അതുവഴി ഹാർബർ വകുപ്പ് അംഗൻവാടിക്കായി മൂന്ന് സെന്റ് ഭൂമി വിട്ടുനൽകുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് നീക്കിയ ശേഷമാണ് അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കുന്നത്.
കോർപ്പറേഷൻ 21 ലക്ഷം അനുവദിച്ചു
അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി കോർപ്പറേഷൻ 21 ലക്ഷം രൂപ അനുവദിച്ചു. ഭൂമി ലഭ്യമായതോടെ മറ്റ് തടസങ്ങൾ നീങ്ങി. ഇനി ഹൈടെക് സംവിധാനങ്ങളുള്ള അംഗൻവാടി കെട്ടിടം ഇവിടെ പൂർത്തിയാകും.