കൊട്ടിയം: അംഗൻവാടിയിൽ പ്രവേശനത്തിന് എത്തിയ ബാലികയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്. ബാലികയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിൽ വിടാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ കെ.പി. സജിനാഥ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രവേശനത്തിനെത്തിയ നാലുവയസുള്ള കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടതിനെ തുടർന്നാണ് കൊട്ടിയത്തെ അംഗൻവാടി അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം രണ്ട് വർഷമായി കുഞ്ഞ് കാക്കനാട്ടെ ശിശുഹോമിലായിരുന്നു.ഇക്കഴിഞ്ഞ അഞ്ചാം തീയതി കുട്ടിയെ കൂട്ടിക്കൊണ്ടു വരുമ്പോൾ ശരീരമാകെ പാടുകൾ ഉണ്ടായിരുന്നതായും ചിക്കൻപോക്സ് വന്നതാണെന്ന് ശിശുഹോം പ്രവർത്തകർ പറഞ്ഞുവെന്നും അമ്മ അറിയിച്ചു.
കൊട്ടിയം വെൺമണിച്ചിറ സ്വദേശിയായ യുവതിയാണ് ബാലികയുടെ മാതാവ്. ഇവരുടെ ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ഭർത്താവ് മരണപ്പെട്ടതോടെ യുവതി മറ്റൊരാളുടെ കൂടെ എറണാകുളത്ത് താമസിച്ച് വരികയായിരുന്നു.രണ്ടാം വിവാഹത്തിലെ മകളാണ് പൊള്ളലേറ്റ ബാലിക. രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് കുട്ടിയെ കാക്കനാട്ടെ ശിശുഭവനിൽ ഏൽപ്പിച്ചത്.
മൂന്നാഴ്ച മുമ്പുള്ള പൊള്ളൽ
കുട്ടിയുടെ ശരീരത്തിലെ പൊള്ളലുകൾ മൂന്നാഴ്ചയോളം മുമ്പത്തേത് ആയതിനാൽ നിരവധി മെഡിക്കൽ പരിശോധനകളും ഫോറൻസിക് പരിശോധനയും ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. കുട്ടിക്ക് ചിക്കൻപോക്സ് വന്ന അടയാളമാണ് ശരീരത്തിലുള്ളതെന്ന ശിശുഭവന്റെ കണ്ടെത്തൽ സംശയം ജനിപ്പിക്കുന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ അച്ഛൻ എന്നാണ് ഉപേക്ഷിച്ച് പോയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.