c
ദുബായിൽ കുടുങ്ങിയ നാല് യുവാക്കൾ ഇന്ന് നാട്ടിലെത്തും

കൊല്ലം: തൊഴിൽ തട്ടിപ്പിന് ഇരയായി ദുബായിൽ കുടുങ്ങിയ നാല് യുവാക്കൾ ഇന്ന് നാട്ടിലെത്തും. ദുബായിലെ ഇന്ത്യൻ എംബസിയാണ് യുവാക്കൾക്ക് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്.

കഴിഞ്ഞ ഒന്നരമാസമായി ഭക്ഷണം പോലും കിട്ടാതെ ദുബായിൽ കഴിയുകയായിരുന്ന കലയ്ക്കോട് പണ്ടാരവിള വീട്ടിൽ സുബിൻ (27), ഇടവ വെൺകുളം ഇടവിള വീട്ടിൽ വിനീഷ് വിജയൻ (23), പൂതക്കുളം ഇടയാടി, കല്ലായി തൊടിയിൽ, പുണർതാലയം വീട്ടിൽ അഖിൽ (24), വർക്കല, പന്തുവിള, കനാൽ പുറമ്പോക്കിൽ വിഷ്ണു (25) എന്നിവരാണ് മടങ്ങിയെത്തുന്നത്.

ചന്ദനത്തോപ്പ് സ്വദേശിയായ ഏജന്റ് ദുബായ് സർക്കാർ ആശുപത്രിയിൽ ശുചീകരണ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ വീതം വാങ്ങി മേയ് 26നാണ് ഇവരെ കൊണ്ടുപോയത്. ഖത്തർ എയർപോർട്ടിൽ ട്രോളിമാൻ ജോലിയാണ് വാഗ്ദാനം ചെയ്താണ് ആദ്യം പണം വാങ്ങിയത്. പിന്നീട് മിഠായി കമ്പനിയിൽ ജോലി ശരിയാക്കാമെന്നായി. അതിന് വലിയ ശമ്പളം കിട്ടില്ലെന്ന് പറഞ്ഞാണ് സർക്കാർ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്തത്.

ദുബായിലെത്തിയ നാലുപേരെയും അവിടത്തെ ഏജന്റ് ഇടുങ്ങിയ മുറിയിലെത്തിച്ചശേഷം കുറച്ച് ഭക്ഷണസാധനങ്ങൾ നൽകി മടങ്ങി. ദിവസങ്ങൾക്കുള്ളിൽ അതു തീർന്നു. വീണ്ടും ബന്ധപ്പെട്ടപ്പോൾ 15 കിലോ അരിയെത്തിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.

മൂന്ന് മാസത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് യുവാക്കൾക്ക് ഏജന്റ് മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകിയിരുന്നെങ്കിലും നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റിനുള്ള പണം ആവശ്യപ്പെട്ടു. വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. യുവാക്കളുടെ ബന്ധുക്കൾ ഏജന്റിന്റെ ചനന്ദനത്തോപ്പിലെ വീട്ടിൽ പോയെങ്കിലും ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. സുബിൻ ഒഴികെ മൂന്നു പേരും അവിവാഹിതരാണ്. സുബിൻ കെട്ടുതാലി പണയംവച്ചും ബാക്കിയുള്ളവർ പലിശയ്ക്ക് കടം വാങ്ങിയുമാണ് പണം നൽകിയത്.

ടിക്കറ്റിനുള്ള പണം നൽകാൻ കടം വാങ്ങാൻപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇവരുടെ കുടുംബങ്ങൾ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു എംബസിയുടെ ഇടപെടൽ.