കൊല്ലം: ആർ. ശങ്കർ സാഹിത്യ സാംസ്കാരിക സമിതിയും ആയുഷ് ഹോളിസ്റ്റിക് ആശുപത്രിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഡോ. പല്പു സ്മാരക അവാർഡ് ദാന സമ്മേളനം എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറി ഷാജി ബോൺസലെ ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗങ്ങൾക്ക് സൗഭാഗ്യങ്ങൾ സമ്മാനിച്ചത് ഡോ. പല്പു അടക്കമുള്ള മഹാരഥന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. പല്പുവിനെപ്പോലുള്ളവർ ഉയർത്തിപ്പിടിച്ച ധാർമ്മിക മൂല്യങ്ങൾ മാതൃകയാക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ആയുഷ് ഹോളിസ്റ്റിക് ആശുപത്രി ചെയർമാൻ വിശ്വകുമാർ കൃഷ്ണജീവനം പറഞ്ഞു. ജസ്റ്റിസ് കെ. സുകുമാരൻ, ഡോ. ഷാജി പ്രഭാകരൻ, പ്രൊഫ. കെ. ശശികുമാർ, ആർ. പ്രകാശൻപിള്ള, പ്രൊഫ. വി.ആർ. നമ്പൂതിരി, എസ്. ഷാനവാസ് എന്നിവർക്ക് ഡോ. പല്പു സ്മാരക അവാർഡ് കേരള പൈതൃക പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ സമ്മാനിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് എസ്. അജുലാൽ, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ നിയൻ കിഷോർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എ ഡോ.എ. യൂനുസ് കുഞ്ഞ്, ഡോ. സൂനു, സുജയ് ഡി. വ്യാസൻ എന്നിവർ ആശംസകൾ നേർന്നു. സമിതി ജോയിന്റ് സെക്രട്ടറി പി.എസ്. സീനാദേവി സ്വാഗതവും വെള്ളാപ്പള്ളി സപ്തതി സ്മാരക നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി. വിജയൻ നന്ദിയും പറഞ്ഞു.