പുനലൂർ: കിഴക്കൻ മലയോര മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ സന്ദര്യവൽക്കരിച്ച് മോടി പിടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി കാലപ്പഴക്കത്തെ തുടർന്ന് തകർച്ചാ ഭീഷണി നേരിട്ടിരുന്ന പവലിയനും സമീപ പ്രദേശങ്ങളും ടൂറിസം, കെ.ഐ.പി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. മതിയായ സംരക്ഷണത്തിന്റെ അഭാവത്തിൽ കൈവരികളും മറ്റും തകർന്ന് പവലിയൻ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഒറ്റക്കൽ ലുക്കൗട്ട് പവലിയന്റെ തകർച്ചാ ഭീഷണിയെപ്പറ്റി കേരളകൗമുദി നിരന്തരമായി വർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ലുക്കൗട്ട് പവലിയൻ സൗന്ദര്യവൽക്കരിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിന്റെ പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സംയുക്തസംഘം പവലിയനും സമീപ പ്രദേശങ്ങളും സന്ദർശിച്ചത്. കല്ലട പ്രോജക്റ്റ് ചീഫ് എൻജിനിയർ സെൻ, എക്സിക്യൂട്ടീവ് എൻജിനിയർ ബഷീർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർമാരായ ടെസിമോൻ, സജീവ്, സുരേഷ്, അസി. എൻജിനിയർമാരായ റാണീ ലൂയിസ്, ഷമീന, ഓവർസിയർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് പവലിയൻ സന്ദർശിച്ചത്. തുടർന്ന് അവലോകന യോഗവും ചേർന്നു.
ലുക്കൗട്ട് പവലിയൻ
തെന്മല - പരപ്പാർ അണക്കെട്ട് സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കൊല്ലം - തിരുമംഗലം ദേശീയ പാതയോരത്തെ ഒറ്റക്കൽ തടയണക്ക് സമീപമാണ് വർഷങ്ങൾക്ക് മുമ്പ് ലുക്കൗട്ട് പവലിയൻ പണിതത്. ഇതിന് മുകളിൽ നിന്നാൽ അണക്കെട്ടിന് പുറമേ കല്ലടയാറ്റിലെ ഒറ്റക്കൽ തടയണ, കാനന ഭംഗി അടക്കമുള്ളവ നേരിൽക്കണ്ട് ആസ്വദിക്കാം. എന്നാൽ മതിയായ സംരക്ഷണമില്ലാത്തതിനാൽ പവലിയന്റെ ഉപരിതലവും മൂന്നാം നിലയുടെ കൈവരികളും പൊട്ടിപ്പൊളിഞ്ഞ് നശിക്കുകയാണ്. പവലിയൻ സന്ദർശിക്കാനെത്തുന്ന കുട്ടികൾ അടക്കമുളള വിനോദ സഞ്ചാരികൾക്ക് പവലിയന്റെ പൊട്ടിപ്പൊളിഞ്ഞ ഉപരിതലവും മൂന്നാം നിലയുടെ കൈവരികളും ഭീഷണിയാണ്.
കല്ലടയാറ്റിലെ ഒറ്റക്കൽ തടയണയിൽ നിന്ന് 250 അടി ഉയരത്തിലാണ് ലുക്കൗട്ട് പവലിയൻ പണിതിരിക്കുന്നത്.
കെ.ഐ.പിയുടെ നിയന്ത്രണത്തിൽ 50 വർഷം മുമ്പാണ് 3 നിലയിൽ മനോഹരമായ പവലിയൻ പണിതത്
ടൂറിസ്റ്റുകൾക്ക് ആശങ്ക
പവലിയൻെറ മൂന്നാമത്തെ നിലയുടെ കൈവരികളുടെ സിമന്റ് കാലുകൾ ദ്രവിച്ചു പോയത് മൂലം സഞ്ചാരികൾക്കോപ്പം എത്തുന്ന കുട്ടികൾ ഇതിനുള്ളിലൂടെ ആറ്റിലേക്ക് വീഴുമോ എന്ന ആശങ്കയിലാണ് ടൂറിസ്റ്റുകൾ. ഇത് കാരണം പവലിയനിൽ കയറാൻ വിനോദ സഞ്ചാരികളിൽ പലരും വിമുഖത കാട്ടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണക്കിലെടുത്താണ് പവലിയൻ സൗന്ദര്യവൽക്കരിക്കാൻ അധികൃതർ തീരുമാനിച്ചത്.