പുനലൂർ: വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തെന്മല ഇക്കോ ടൂറിസം മേഖലയിൽ പ്രാദേശിക പരിഗണന നൽകാതെ ട്രെയിനികളെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തെന്മല ഇക്കോ ടൂറിസം ഓഫീസും ടിക്കറ്റ് കൗണ്ടറുകളും ചൊവ്വാഴ്ച്ച ഉപരോധിച്ചു. രാവിലെ 8ന് ആരംഭിച്ച ഉപരോധ സമരം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. തുടർന്ന് ഇക്കോ ടൂറിസം പ്രോജക്റ്റ് ഓഫീസർ മനോജുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പദ്ധതി പ്രദേശത്തെ ട്രെയിനികളായി തദ്ദേശീയരെ പരിഗണിക്കാതെ തിരുവനന്തപുരം, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരെയാണ് തിരഞ്ഞെടുത്തത്. ഇക്കോ ടൂറിസം മേഖലയിൽ നടക്കുന്ന നിർമ്മാണ ജോലികളിലെ അഴിമതി പുറത്ത് അറിയാതിരിക്കാനാണ് മറ്റ് ജില്ലകളിൽ നിന്നുള്ളവരെ ട്രെയിനികളായി തിരഞ്ഞെടുത്തതെന്ന് നേതാക്കൾ ആരോപിച്ചു. എന്നാൽ തദ്ദേശീയരായവർ റാങ്ക് ലിസ്റ്റിൽ വരാതിരുന്നത് മൂലമാണ് മറ്റു ജില്ലക്കാരെ എടുത്തതെന്നായിരുന്നു അധികൃതരുടെ വാദം.
വൈൽഡ് ലൈഫ് വാർഡനും എ.ഐ.വൈ.എഫ് നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ തദ്ദേശീയരായവരെ ട്രെയിനികളായി നിയമിക്കുന്നത് പരിഗണിക്കുമെന്നും ട്രെയിനീ ലിസ്റ്റ് റദ്ദാക്കുന്നതിനെപ്പറ്റി ഡയറക്ട് ബോർഡുമായി ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉറുകുന്ന് സുനിൽകുമാർ, എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം സെക്രട്ടറി ഐ. മൺസൂർ, മേഖലാ കമ്മിറ്റി സെക്രട്ടറി ശരത്കുമാർ, ജില്ലാ കമ്മിറ്റി അംഗം സുജിത്ത്, ആർ. മോഹനൻ, അഖിൽ, അരുൺ മോഹൻ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.