c
ഷബ്ന

കൊല്ലം: പി.എസ്.സി കോച്ചിംഗ് ക്ലാസിനായി തൃക്കടവൂരിലെ വീട്ടിൽ നിന്ന് ഉമ്മയോട് യാത്ര പറഞ്ഞിറങ്ങിയ ഷബ്നയെ (18) കാണാതായിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം ജൂലായ് 17നാണ് വീട്ടിൽ നിന്നിറങ്ങിയത്. കൊല്ലം ബീച്ചിൽ നിന്ന് ബാഗും ചെരിപ്പുകളും കണ്ടെത്തിയിരുന്നു. രണ്ട് ദിവസം കടലിൽ അഴീക്കൽ മുതൽ കാപ്പിൽ വരെ മറൈൻ എൻഫോഴ്സ്‌മെന്റ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ഷബ്നയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നീങ്ങിയത്. പക്ഷേ, തെളിവുകൾ ലഭിച്ചില്ല. ഇതിനിടെ ഷബ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഷബ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് ആക്ഷൻ കൗൺസിൽ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ആ ശ്രമവും പാഴായി.

പിന്നാലെ അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി.


 അന്വേഷണ വഴി

1- ഷബ്നയുടെ തിരോധാനത്തിൽ ബന്ധുവായ യുവാവിനെ കണ്ണി ചേർക്കാനുള്ള തെളിവുകൾ പൊലീസ് തേടിയെങ്കിലും കണ്ടെത്താനായില്ല.

2- തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രത്തിൽ ഉണ്ടെന്ന സൂചന ലഭിച്ചെങ്കിലും സ്ഥിരീകരണമുണ്ടായില്ല. അന്വേഷണം കൊല്ലം ഈസ്റ്റ് സി.ഐയിൽ നിന്ന് കൺട്രോൾ റൂം സി.ഐയിലേക്ക് മാറ്റി.

3- പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശം. അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പിക്ക് കൈമാറി.

4- ബന്ധുവായ യുവാവിനെ നാർകോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചു. ആദ്യം സമ്മതിച്ചെങ്കിലും യുവാവ് പിന്നീട് നിലപാട് മാറ്റി. ചർച്ചകൾക്ക് ശേഷം വീണ്ടും സമ്മതം അറിയിച്ച യുവാ

വിനെ ഗുജറാത്തിലെ ഗാന്ധി നഗർ എഫ്.എസ്.എൽ ലാബിൽ പരിശോധനയ്‌ക്ക് കൊണ്ടുപോയെങ്കിലും ഭാഷാ പ്രശ്‌നത്തെ തുടർന്ന് പരിശോധന നടത്താനായില്ല

5- പിന്നീട് ബംഗളുരുവിലും ഡൽഹിയിലും പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല

6- സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് ഇപ്പോൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെയും ബന്ധുക്കളുടെയും ആവശ്യം.