paravur
പരവൂർ നഗരസഭ വക അറവുശാലയുടെ സ്ഥാനത്ത് ബോട്ട് ക്ലബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പരവൂർ: പരവൂർ നഗരസഭാ പരിധിയിൽ അനധികൃത അറവുശാലകൾ ജനങ്ങൾക്ക് ഭീഷണിയും ദുരിതവുമായി മാറുമ്പോൾ നഗരസഭയുടെ കീഴിൽ പൊഴിക്കരയിൽ പ്രവർത്തിച്ചിരുന്ന അറവുശാല ബോട്ട് ക്ളബാക്കുന്നതിനുള്ള നിർമ്മാണം പുരോഗമിക്കുന്നു. ടൂറിസത്തിന് പ്രാധാന്യം നൽകുന്ന നഗരസഭ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകാൻ വിമുഖത കാട്ടുന്നതായാണ് നാട്ടുകാരുടെ ആരോപണം.

പരവൂർ മാർക്കറ്റിനുള്ളിൽ മൂന്ന് മാംസ വിൽപ്പനശാലകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും തെക്കുംഭാഗം, ചില്ലയ്‌ക്കൽ, പൊഴിക്കര മേഖലകളിലായി 15ഓളം കടകൾ അനധികൃതമായും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടങ്ങളിൽ ആടുമാടുകളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട നിബന്ധനകളൊന്നും പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കശാപ്പിന് മുമ്പ് ആടുമാടുകളെ വെറ്ററിനറി ഡോക്ടർ പരിശോധിക്കണമെന്ന വ്യവസ്ഥയും പാലിക്കാറില്ല.

 മാലിന്യ പ്രശ്നം രൂക്ഷം

അനധികൃത അറവുശാലകൾ മൂലമുണ്ടാകുന്ന മാലിന്യപ്രശ്നം ദിനംപ്രതി നാട്ടുകാർക്ക് ഭീഷണിയാവുകയാണ്. വിസർജ്യവും രക്തവും ഉൾപ്പെടെയുള്ള അറവുമാലിന്യം പൊഴിക്കര തെക്കുംഭാഗം കടൽത്തീരങ്ങളിൽ കുഴിവെട്ടി മൂടുന്നതായും മണിയംകുളം തോട്ടിലേക്ക് തള്ളുന്നതായും ആരോപണമുണ്ട്. ഇതുമൂലം സമീപവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്.

 ഗൗരവമേതുമില്ലാതെ നഗരസഭ

നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത അറവുശാലകളെ സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. അതേസമയം പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിഷയത്തെ നഗരസഭ ഗൗരവകരമായി സമീപിച്ചിട്ടില്ലെന്ന ആരോപണം ഉയരുകയാണ്. അറവുശാലകളിൽ കൃത്യമായ പരിശോധനകൾ നടത്തുന്നതിൽ നഗരസഭ അലംഭാവം കാട്ടുകയാണെന്നും അനധികൃത അറവുശാലകൾക്കെതിരെ അധികൃതർ മൗനം പാലിക്കുന്നതായും നാട്ടുകാർ പറയുന്നു.