sn
എസ്.എൻ കോളേജ് - കർബല റോഡിൽ എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന് മുന്നിൽ ഉണ്ടായ ഗതാഗത കുരുക്ക്

കൊല്ലം: മീറ്റർ സീൽ ചെയ്യാൻ ഓട്ടോറിക്ഷകൾ കൂട്ടത്തോടെ എത്തിയതോടെ കർബല, എസ്.എൻ കോളേജ് റോഡുകൾ ഇന്നലെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ മുറുകി. റെയിൽവേ സ്റ്റേഷൻ - ചെമ്മാംമുക്ക് റോഡിൽ ഫാത്തിമാ കോളേജ് മുതൽ ക്യു.എ.സി റോഡ് വരെയും എസ്.എൻ കോളേജ് റോഡിൽ വനിതാ കോളേജ് വരെയും റോഡിന്റെ ഇരുവശങ്ങളും ഓട്ടോറിക്ഷകൾ കൈയടക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്.

കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെ മുൻഭാഗം കൈയടക്കിയ ഓട്ടോറിക്ഷകൾ ഒഴിഞ്ഞുമാറാൻ തയ്യാറാകാതിരുന്നത് വൈകിട്ട് മൂന്ന് മണിയോടെ രക്ഷാകർത്താക്കളും സ്കൂൾ വാഹന ഡ്രൈവർമാരും തമ്മിൽ തർക്കത്തിനിടയാക്കി. മറ്റ് വഴികളില്ലാതെ വന്നതോടെ സ്കൂൾ വാഹനങ്ങൾ നടുറോഡിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റിയതോടെ എസ്.എൻ കോളേജ് റോഡിൽ ഗതാഗതം സ്തംഭിച്ചു.

ഈ മാസം ഒന്ന് മുതൽ നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ ചാർജ് നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഓട്ടോറിക്ഷകളിൽ ഘടിപ്പിച്ചിട്ടുള്ള മീറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സീൽ പതിക്കൽ കഴിഞ്ഞ ഒരാഴ്ചയായി കർബല റോഡിലെ സീൽ ഇൻസ്പെക്ടർ ഓഫീസിൽ നടന്നുവരികയാണ്. ഒരു ദിവസം 70 ഓട്ടോറിക്ഷകൾ പരിശോധിക്കാനാണ് നിശ്ചയിച്ചിരുന്നത്. ആദ്യ ദിവസങ്ങളിൽ എത്തേണ്ടതും സിറ്റിക്ക് പുറത്തുള്ളതുമായ ഓട്ടോറിക്ഷകൾ ഇന്നലെ കൂട്ടത്തോടെ എത്തിയതാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുന്നൂറോളം ഓട്ടോകൾ ഇന്നലെ സീൽ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

 ഒരു ദിവസത്തെ ഓട്ടം പോയി

സീൽ പതിക്കൽ നീണ്ടുപോയത് കാരണം തങ്ങളുടെ ഒരു ദിവസത്തെ ഓട്ടം പോയതായി ഓട്ടോ റിക്ഷാ ഡ്രൈവർമാർ പരാതിപ്പെട്ടു. ചിലർ രാവിലെ എട്ട് മണിക്ക് തന്നെ ഇൻസ്പെക്ടർ ഓഫീസിന് മുന്നിലെത്തിയിരുന്നു. പത്ത് മണിക്ക് ആരംഭിക്കേണ്ട പരിശോധന ഉച്ചയ്ക്കാണ് തുടങ്ങിയതെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.