thanal-school
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ രൂപീകരിച്ച തണൽ സ്‌കൂൾ പാലിയേറ്റിവ് ക്ളബിന്റെ ആദ്യസഹായം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല കൈമാറുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്ക്കോട് സി.എച്ച്.സി പാലിയേറ്റീവ് കെയറിന്റെയും വിവിധ സ്‌കൂളുകളുടെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച തണൽ സ്‌കൂൾ പാലിയേറ്റിവ് ക്ളബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. പാലിയേറ്റീവ് കെയർ ആവശ്യമായ രോഗികൾക്ക് സഹായകരമായ കാര്യങ്ങൾ വിദ്യാർത്ഥികളിലൂടെ ലഭ്യമാക്കുകയും സ്കൂളുകളിൽ ബോക്സുകൾ സ്ഥാപിച്ച്‌ ദിവസം ഒരു രൂപ മുതൽ കുട്ടികൾ ഇതിൽ നിക്ഷേപിക്കുകയും മാസാവസാനം ഈ തുക സേവനം ആവശ്യമുള്ളവർക്ക് എത്തിക്കുകയുമാണ് ക്ളബിന്റെ ലക്ഷ്യം.

ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്‌, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്‌മി, ആശാദേവി, കലയ്ക്കോട് സി.എച്ച്.സിയിലെ ഡോ. ബിൻസി, എൻ.ആർ.എം പ്രതിനിധി റെജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശരത്‌ചന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു.