iravipuram
താന്നിമുതൽ കാക്കത്തോപ്പ് വരെയുള്ള തീരദേശ പുലിമുട്ട് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് കാക്കത്തോപ്പ് തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽകൊല്ലം ആശ്രാമത്തെ ഇറിഗേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്

 തീരദേശജനതയുടെ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം: തീരദേശത്തെ പുലിമുട്ടുകൾ നവംബറിനുള്ളിൽ പൂർത്തീകരിക്കുമെന്ന് തീരദേശജനതയ്‌ക്ക് മേജർ ഇറിഗേഷൻ വകുപ്പിന്റെ ഉറപ്പ്. പുലിമുട്ടുകളുടെ നിർമ്മാണം വൈകുന്നതിനെതിരെ കാക്കത്തോപ്പ് തീരദേശ സംരക്ഷണ സമിതിയും ഇരവിപുരം ഇടവകയും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ചർച്ച നടത്തിയത്. മേജർ ഇറിഗേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ പൊലീസിന്റെ ഇടപെടലിലാണ് സൂപ്രണ്ടിംഗ് എൻജിനിയറുമായി ചർച്ച നടത്താനായത്.

പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തീകരിക്കുക, തീരദേശ റോഡ് സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുമ്പ് രണ്ട് തവണയും സമിതി മാർച്ച് നടത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ നവംബർ വരെ രണ്ടാഴ്ച‌യിലൊരിക്കൽ അസിസ്റ്റന്റ് എൻജിനിയർ, സമിതി അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരാനും ചർച്ചയിൽ ധാരണയായി.

പ്രതിഷേധ മാർച്ചിന് ശേഷം നടന്ന യോഗത്തിൽ ഇരവിപുരം ഇടവക വികാരി ഫാ. മിൾട്ടൻ ജോർജ്, സഹവികാരി ഫാ. ബിജു, കാക്കത്തോപ്പ് തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ് പോൾ തോമസ്, സെക്രട്ടറി ജയൻ മൈക്കിൾ, എഡിസൺ, ജൂഡിറ്റ് ബഞ്ചമിൻ, ജസ്റ്റിൻ, അനീഷ് എന്നിവർ സംസാരിച്ചു.