sunilkumar
സുനിൽകുമാർ ഭദ്രൻ

ഓച്ചിറ: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്‌ത കേസിൽ സൗദിയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്‌ത പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ കുലശേഖരപുരം കോളഭാഗത്ത് ജംഗ്ഷന് സമീപം കൈപ്പള്ളി തെക്കതിൽ സുനിൽ കുമാർ ഭദ്രനുമായി ( 39) സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫും സംഘവും ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘം വിമാനത്താവളത്തിൽ കാത്ത് നിൽക്കുകയായിരുന്നു. ഇന്നലെ വെളുപ്പിന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്‌തു. തുടർന്നാണ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ ഹാജരാക്കിയത്. പെൺകുട്ടിയെ സുനിൽ പീഡിപ്പിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഭാര്യയും കുട്ടികളുമുള്ള സുനിൽകുമാർ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. പെൺകുട്ടിയുടെ പിതൃ സഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തെങ്കിലും പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. പ്രായ പൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ കരിക്കോട് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് 2017 ജൂൺ 8ന് മറ്റൊരു അന്തേവാസിയോടോപ്പം പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സി.ബി.ഐയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ മൂന്നാഴ്ച മുമ്പേ സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്ത് ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പ്രതിയെ കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. കൊല്ലം ജില്ലാ ക്രൈം റെക്കാർഡ് ബ്യൂറോ എ.സി.പി എം.അനിൽകുമാർ, ഓച്ചിറ സി.ഐ ആർ.പ്രകാശ് എന്നിവരും കമ്മിഷണർക്കൊപ്പം റിയാദിലെത്തിയിരുന്നു.2010ൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ ഒപ്പിട്ട കരാർ പ്രകാരമാണ് പ്രതിയെ കൈമാറിയത്.