കൊല്ലം: ഇന്ന് ചേരുന്ന സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ പാർട്ടിയുടെ അനുവാദം വാങ്ങാതെ ജി.എസ്.ജയലാൽ എം.എൽ.എ സഹരണ സൊസൈറ്റി രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയത് ചർച്ചയാകും.
ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗം ജയലാലിനെതിരെ നൽകിയ പരാതി മാധ്യമങ്ങളിൽ വാർത്തയായതോടെ നേരത്തെ അടിയന്തിര ജില്ലാ എക്സിക്യുട്ടീവ് യോഗം ചേർന്നിരുന്നു. പിന്നീട് നടന്ന സംസ്ഥാന കൗൺസിൽ, എക്സ്യുട്ടീവ് യോഗങ്ങളിലും വിഷയം ചർച്ചയായിരുന്നു.
ആരോപണങ്ങൾ ഉന്നയിച്ചവർ
ഓടി ഒളിക്കുന്നു: ജയലാൽ
താൻ പ്രസിഡന്റായുള്ള സഹകരണ സൊസൈറ്റി ആശുപത്രി വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിച്ചവർ പരസ്യസംവാദത്തിന് വിളിച്ചപ്പോൾ ഒളിച്ചോടുകയാണെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയോട് സംവാദത്തിനുള്ള സയമവും സ്ഥലവും നിശ്ചയിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തയ്യാറല്ലെന്ന മറുപടിയാണ് നൽകിയത്. ഈ ഒളിച്ചോട്ടത്തിന് നിരത്തിയ കാരണങ്ങൾ പരിഹാസ്യമാണ്. സംവാദം നടന്നാൽ സത്യം വെളിപ്പെടുമെന്ന ഭയമാണ് ഒളിച്ചോട്ടത്തിന് പിന്നിൽ. തന്നെ വ്യക്തിഹത്യ ചെയ്യാൻ ബി.ജെ.പിയും കോൺഗ്രസും സംയുക്ത നീക്കം നടത്തുകയാണ്. അപവാദ പ്രചാരണങ്ങൾ നിർത്തിവച്ച് സംവാദത്തിന് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരെ വീണ്ടും ക്ഷണിക്കുകയാണെന്നും ജി.എസ്. ജയലാൽ പറഞ്ഞു.