photo
ജനമൈത്രി പൊലീസിന്റെ കരുനാഗപ്പള്ളിയിലെ ആസ്ഥാനം.

കരുനാഗപ്പള്ളി: പൊലീസ് ജനങ്ങളിലേക്ക് എന്ന ആശയമുയർത്തി സർക്കാർ നടപ്പാക്കിയ ജനമൈത്രി പൊലീസിന്റെ സേവനങ്ങൾ കൂടുതൽ കുറ്രമറ്റതാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഒരു ബീറ്ര് ഓഫീസറുടെ ഗ്രൂപ്പിൽ 5 മുതൽ 7 സിവിൽ പൊലീസ് ഓഫീസർമാരാണുള്ളത്. കരുനാഗപ്പള്ളിയിലെ ക്രമസമാധാന പരിപാലനം, ഓഫീസ് ജോലി, പാറാവ് ഡ്യൂട്ടി, കോടതി കേസുകൾ, ദേശീയപാതയിൽ പോയിന്റ് ഡൂട്ടി, പെറ്റീഷൻ അന്വേഷിക്കൽ, മന്ത്രിമാർക്ക് അകമ്പടി സേവിക്കൽ തുടങ്ങിയവയ്ക്ക് പൊലീസുകാരെ നിയോഗിച്ച് കഴിഞ്ഞാൽ ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് പൊലീസുകാരെ കിട്ടാറില്ല എന്നതാണ് വാസ്തവം. ഇപ്പോൾ 2 ബീറ്റ് ഓഫീസർമാർ മാത്രമാണ് ജനമൈത്രിയുടെ മുഴുവൻ സമയ പ്രവർത്തകരായിട്ടുള്ളത്. ഇവർ വേണം പതിനായിരക്കണക്കിന് വീടുകളുടെയും കടകളുടേയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്. ഒരു മാസം ദിവസേനെ ജോലി ചെയ്താൽപ്പോലും രണ്ട് ബീറ്ര് ഓഫീസർമാർക്ക് ഇത്രയും പ്രദേശങ്ങൾ ഒരു പ്രാവശ്യം സന്ദർശിക്കണമെങ്കിൽ മാസങ്ങൾ വേണ്ടിവരും. സർക്കാരിന്റെ ലക്ഷ്യം പൂർത്തിയാകണമെങ്കിൽ ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പൊലീസുകാരെ നിയോഗിക്കണം. ജനമൈത്രി പൊലീസിന്റെ തുടക്കത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൂർണസമയം ജോലി ചെയ്യുന്ന 5 ജനമൈത്രി പൊലീസുകാർ ഉണ്ടായിരുന്നു. സ്റ്റേഷനിലെ ജോലി ഭാരം വർദ്ധിച്ചതോടെ ഇതിൽ നിന്ന് 3 പെരെ തിരിച്ചെടുത്തു. ഇപ്പോൾ ജനമൈത്രി പൊലീസിന്റെ പ്രവർത്തനം നാമമാത്രമായി മാറിയിരിക്കുകയാണ്. ജനമൈത്രി പൊലീസ് സജീവമായാൽ നാട്ടിൽ കുറ്റകൃത്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ആദ്യ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിനായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ജനമൈത്രി പൊലീസിന്റെ ലക്ഷ്യം

കുറ്റകൃത്യങ്ങൾ ജനപങ്കാളിത്തത്തോടെ തടയുക

മുതിർന്ന പൗരൻമാരുടെ സംരക്ഷണം ഉറപ്പാക്കുക

ജനജീവിതം ഭദ്രമാക്കുക

ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക

 ഒറ്റപ്പെട്ട് താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, അവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുക

ജനമൈത്രി പൊലീസ് യാഥാർത്ഥ്യമായത് 9 വർഷങ്ങൾക്ക് മുമ്പ്

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ 65 പൊലീസുകാരും ജനമൈത്രി പൊലീസിന്റെ ഭാഗമാണ്

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും തൊടിയൂർ ഗ്രാമ പഞ്ചായത്തും പൂർണമായും തഴവാ, ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ ഭൂരിപക്ഷം വാർഡുകളും കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള വീടുകൾ: 70000 ൽ അധികം

കടകൾ: 28000 ത്തോളം

 ബീറ്റ് ഓഫീസർമാർ: 9