കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ ലോട്ടസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ ഡോ. ജോൺ ഡാനിയേൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അസിസ്റ്റന്റ് ഗവർണർ ഡോ. മീരാജോണിന്റെ നേതൃത്വത്തിലുള്ള സോൺ 16ലെ ക്ളബായ ക്വയിലോൺ ലോട്ടസിന്റെ പ്രസിഡന്റായി മായ അജിയും സെക്രട്ടറിയായി ഷീന സാജനും ട്രഷററായി സിമി ബിജുവും സ്ഥാനമേറ്റു.
ഡിസ്ട്രിക്ട് 3211 ഗവർണർ ഗിരീഷ് കേശവന്റെ ആഹ്വാന പ്രകാരം മാലിന്യ നിർമ്മാർജനത്തിന് ഊന്നൽ നൽകുന്ന സേവന പരിപാടികളുമായാണ് ലോട്ടസിന്റെ പുതിയ വർഷം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഡിസ്ട്രിക്ട് പ്രോജക്ട് റീച്ച് മുൻനിറുത്തി മുളങ്കാടകം വാർഡ് സീറോ വേസ്റ്റ് വാർഡ് ആക്കുന്നതിനുള്ള ധാരണാപത്രം കൗൺസിലർ ഡോ. സുജിത്തുമായി ലോട്ടസ് ക്ളബ് ഒപ്പുവച്ചു. കൊല്ലം കോർപ്പറേഷനിലെ രണ്ട് വനിതാ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ബയോഗ്യാസ് പ്ളാന്റ് നിർമ്മാണം, വേസ്റ്റ് ബിൻ വിതരണം, സ്റ്റീൽപാത്ര വിതരണം, പ്രഷർകുക്കർ, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു. നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും പുതിയകാവ് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്കാവശ്യമായ പഠനസഹായവും മൂന്ന് വനിതകൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.
എ.ജി ഡോ. മീരാജോൺ, മുൻ പ്രസിഡന്റ് യമുനാവിജയ്, മുൻ എ.ജി. സരിതാഗോപൻ, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. സി.എസ്. സാജൻ, എ.ജി. അജിചന്ദ്രൻ എന്നിവർ സംസാരിച്ചു.