കൊട്ടിയം: ദേശീയപാതയോരത്ത് മൈലക്കാട് ജംഗ്ഷനിൽ മുറിച്ചിട്ടിരിക്കുന്ന മരക്കഷണങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. റോഡിലേക്ക് തള്ളി നിൽക്കുന്ന മരത്തടിയിൽ തട്ടി ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നവർക്ക് റോഡിനോട് ചേർന്നുകിടക്കുന്ന തടികൾ പെട്ടെന്ന് കാണാൻ സാധിക്കില്ല. തടിയിൽ തട്ടിയാൽ നടുറോഡിലേക്കാകും വീഴുക. പൊതുവേ അപകടമേഖലയായ മൈലക്കാട്ടെ അപകടക്കെണി കണ്ടില്ലെന്ന ഭാവമാണ് അധികൃതർക്ക്. അപകടവും ജീവഹാനിയും ഉണ്ടായെങ്കിൽ മാത്രമേ അധികൃതർ ഉണരുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്.