കൊല്ലം: എസ്.എൻ കോളേജ് ജീവനക്കാരനായ ഭർത്താവിനെ വിളിക്കാൻ റെയിൽപ്പാളം മറികടന്ന് വന്ന അദ്ധ്യാപികയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. വാളത്തുംഗൽ സ്കൂളിലെ അദ്ധ്യാപികയായ കടവൂർ കാഞ്ഞിരംവിള വീട്ടിൽ ശ്രീകലയാണ് (46) അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് 4.40ന് എസ്.എൻ കോളേജിന് മുമ്പിലെ റെയിൽപാളത്തിലായിരുന്നു അപകടം. എസ്.എൻ കോളേജിലെ ജീവനക്കാരനായ ശിവപ്രകാശിനെ വിളിക്കാൻ വരുന്നതിനിടെ കാൽ പാളത്തിൽ കുടുങ്ങുകയായിരുന്നു. കാൽ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡെറാഡൂൺ–കൊച്ചുവേളി എക്സ്പ്രസ് കാലിലൂടെ കയറി ഇറങ്ങി പോയി. കാലറ്റ് പോയ അദ്ധ്യാപികയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു