ഒാടനാവട്ടം: വെളിയം പഞ്ചായത്തിലെ തകർന്നു കിടക്കുന്ന മാരൂർ - ചെറുകരക്കോണം - മങ്ങാരം ഏലാ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെ തുടർന്ന് പ്രദേശത്തെ ഹരിജൻ സെറ്റിൽമെന്റ് കോളനി നിവാസികൾ സമരത്തിനൊരുങ്ങുന്നു. വർഷങ്ങളായി പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ നിവേദനം സമർപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ റോഡ് സഞ്ചാരയോഗ്യമാക്കാനായി ഒരു നടപടിയും കൈക്കൊള്ളാത്തതിനാലാണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയാൽ ഇപ്പൊ ശരിയാക്കാം എന്ന സിനിമാ ഡയലോഗാണ് മറുപടിയെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ നൂറിലധികം വരുന്ന ഹരിജൻ കുടുംബങ്ങൾക്കും ഏലാ കർഷകർക്കും നാട്ടുകാർക്കും വേണ്ടി അന്നത്തെ വാർഡ് മെമ്പർ എൻ. ഗോപാലകൃഷ്ണൻ പ്രദേശവാസികളെ സംഘടിപ്പിച്ച് നിർമ്മിച്ചതാണ് മാരൂർ - ചെറുകരക്കോണം - മങ്ങാരം ഏലാ റോഡ്. സാങ്കേതിക തടസങ്ങളിൽ കടിച്ച് തൂങ്ങാതെ ജില്ലാ-ഗ്രാമ പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ റോഡ് നന്നാക്കുമെന്ന വാഗ്ദാനം നൽകും. എന്നാൽ വോട്ട് കിട്ടി ജയിച്ചുകഴിഞ്ഞാൽ ജനപ്രതിനിധികൾ തിരിഞ്ഞുനോക്കാറില്ല. റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണം.
വി. പ്രവീൺ, പ്രദേശവാസി (ഒാട്ടോ ഡ്രൈവർ)
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് പുനർനിർമ്മിക്കണമെങ്കിൽ റോഡിന് ആറു മുതൽ എട്ട് മീറ്റർ വരെ വീതി വേണം. അതിവിടെയില്ല. റോഡിന്റെ വശങ്ങൾ കെട്ടാൻ മാത്രം ഒരു കോടിയിലധികം രൂപ വേണ്ടിവരും. പഞ്ചായത്ത് രജിസ്റ്ററിൽ ഈ റോഡ് ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും
കെ. അനിരുദ്ധൻ, വാർഡ് മെമ്പർ, മാരൂർ
ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡുകൾ മാത്രമേ പുനർനിർമ്മാണപ്പട്ടികയിൽ വരുകയുള്ളൂ. മാരൂർ കൈത്തറി റോഡിന്റെ വശങ്ങൾ കെട്ടുന്നത് ഈ വർഷത്തെ പ്രോജക്ടിലെടുക്കാം. വർക്ക് ടെൻഡർ ചെയ്ത് നടപടിക്രമം പൂർത്തിയാക്കി റോഡിന്റെ പുനർനിർമ്മാണം നടത്തും
വി. സുജിത് കുമാർ, സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്, വെളിയം
റോഡിന്റെ ശോച്യാവസ്ഥ മൂലം ടാക്സികളും ഒാട്ടോകളും ഈ റോഡിലേക്ക് സവാരിക്ക് വറാറില്ല. നിരവധി പരാതികൾ നൽകിയിട്ടും ഒരു ഫലവും ഉണ്ടായില്ല. അധികൃതർ എത്രയും പെട്ടെന്ന് റോഡും തെരുവ് വിളക്കുകളും ശരിയാക്കണം.
നാരായണൻ വടക്കഴികം, ചെറുകരക്കോണം
ഇഴജന്തുക്കളുടെ ശല്യം വ്യാപകം:
തെരുവ് വിളക്കുകൾ കത്തുന്നില്ല
കിലോമീറ്ററുകളോളം നീളമുള്ള ഈ റോഡ് സഞ്ചാരയോഗ്യമല്ല എന്നതിലുപരി അപകടകരവുമാണ്. ഇരു വശങ്ങളിലും വലിയ കുറ്റിക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലമായതോടെ റോഡിൽ മുഴുവൻ ചെളിയായതിനാൽ വഴി നടക്കാനും ബുദ്ധിമുട്ടാണ്. തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രിയിൽ ഇതുവഴിയുള്ള സഞ്ചാരം ഏറെ ദുഷ്ക്കരമാണ്.
നാട്ടുകാരുടെ ഏക ആശ്രയം
ഹരിജൻ സെറ്റിൽമെന്റ് കോളനിയിൽ നിന്ന് വളരെയകലെയുള്ള ചന്തകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെത്താൻ പ്രദേശവാസികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ടാക്സികളും ഒാട്ടോകളും ഈ റോഡിലേക്ക് സവാരിക്ക് വറാറില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് കുടിവെള്ളവുമായി വാഹനങ്ങൾക്ക് എത്തിച്ചേരാൻ പോലും കഴിയാത്ത ദുരവസ്ഥയാണ്.